20 June Thursday

എൻഡിഎ മുന്നേറ്റം: 51ൽ ഒതുങ്ങി കോൺഗ്രസ്‌; രണ്ടക്കത്തിലെത്തിയത‌് കേരളത്തിൽ മാത്രം

എം പ്രശാന്ത‌്Updated: Thursday May 23, 2019

ന്യൂഡൽഹി> എൻഡിഎ മുന്നേറ്റത്തില്‍ ഇത്തവണയും കോണ്‍​ഗ്രസ് പതനം. അമേഠിയിൽ പരാജയഭീതിയെ തുടർന്ന‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ കൂടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ ബിജെപി തെരഞ്ഞെടുപ്പ‌് യുദ്ധം പകുതി ജയിച്ച നിലയിൽ എത്തിയിരുന്നു. കേരളത്തില്‍ ജയിച്ചെങ്കിലും രാഹുലിന്റെ പാര്‍ടി  ദേശീയതലത്തിൽ തകർന്നടിഞ്ഞു. ഉത്തരേന്ത്യയിൽ 2014 ലെ നിലയിൽ നിന്നും ഒരിഞ്ച‌് പോലും മുന്നോട്ടുപോകാൻ ആയില്ലെന്ന‌് മാത്രമല്ല കോൺഗ്രസിന്റെ സ്ഥിതി പലയിടത്തും വഷളായി.

പരാജയം അംഗീകരിക്കുന്നതിനായി വിളിച്ച വാർത്താസമ്മേളനത്തിലെ രാഹുലിന്റെ വിളറിയ മുഖഭാവം ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസ‌് പതനത്തിന്റെ ആഴം വ്യക്തമാക്കി. 49 സീറ്റിലേക്ക‌് ചുരുങ്ങിയ കോൺഗ്രസിന‌് ഇക്കുറിയും പ്രതിപക്ഷ നേതൃസ്ഥാനം ഔദ്യോഗികമായി ലഭിക്കില്ല. ആകെ 51  സീറ്റുകൾ മാത്രം ലഭിച്ച കോൺഗ്രസ‌് രണ്ടക്കത്തിലെത്തിയത‌് കേരളത്തിൽ മാത്രം. ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ തമിഴ‌്നാട്ടിൽ എട്ട‌് സീറ്റ് നേടാനായി. ബിജെപി മുഖ്യഎതിരാളിയല്ലാത്ത പഞ്ചാബിൽ മാത്രമാണ‌് പിടിച്ചുനിൽക്കാനായത്.

ഇവിടെ മുഖ്യമായും അകാലിദളുമായി മത്സരിച്ച കോൺഗ്രസ‌് എട്ട‌് സീറ്റിൽ ജയിച്ചു. കർണാടകയിൽ ഒമ്പത‌് സീറ്റുണ്ടായിരുന്നത‌് ഒന്നിലേക്ക‌് ചുരുങ്ങി. മഹാരാഷ്ട്രയിൽ രണ്ട‌് സീറ്റുണ്ടായിരുന്നത‌് ഒന്നായി ചുരുങ്ങി. ഗോവയിൽ ഒരു സീറ്റെന്ന സ്ഥിതി തുടരുന്നു. തെലങ്കാനയിൽ രണ്ട‌് സീറ്റ‌് നേടാനായത‌് ആശ്വാസമായി. അസമിൽ മൂന്ന‌് സീറ്റ‌ും ബംഗാളിൽ ഒരു സീറ്റും ലഭിച്ചു. യുപിയിൽ അമേഠി കൂടി നഷ്ടമായതോടെ റായ‌്ബറേലിയിൽ മാത്രമായി ചുരുങ്ങി. ബിഹാറിലും ഒരു സീറ്റ‌് മാത്രമാണ‌് ലഭിച്ചത‌്. മധ്യപ്രദേശിൽ കമൽനാഥിന്റെ മകൻ മാത്രം ജയിച്ചു. ഗുജറാത്ത‌്, രാജസ്ഥാൻ, ഡൽഹി, ഒഡീഷ, ഹിമാചൽ, ഉത്തരാഖണ്ഡ‌് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ‌് ഒരിക്കൽ കൂടി പൂജ്യത്തിൽ ഒതുങ്ങി.

ഇതിനു പുറമെ ഹരിയാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒരു സീറ്റിലും ജയിക്കാൻ കോൺഗ്രസിനായില്ല.  ഒരിക്കല്‍ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന തെലുങ്കു മേഖലയിൽ രണ്ട‌് സീറ്റുകളിലേക്ക‌്  ഒതുങ്ങി. ഉമ്മൻചാണ്ടി ചുമതലക്കാരനായ ആന്ധ്രയിൽ ഒരു സീറ്റുപോലും നേടാനായില്ല. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് മുന്നേറ്റമുണ്ടാക്കിയ രാജസ്ഥാൻ, മധ്യപ്രദേശ‌്, ഛത്തീസ‌്ഗഢ‌് സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ തിരിച്ചുവരവ‌് നടത്തി. രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 38.8 ശതമാനം വോട്ടുമാത്രം ലഭിച്ച ബിജെപി അത‌് 58.44 ശതമാനമായി വർധിപ്പിച്ചു. കോൺഗ്രസിന്റെ വോട്ടുശതമാനം 39.3 ൽ വിന്ന‌് 34.27 ലേക്ക‌് താണു. മധ്യപ്രദേശിൽ ബിജെപി  41 ശതമാനത്തില്‍ നിന്ന് 58.13 ശതമാനമായി വോട്ടുനില ഉയര്‍ത്തി.

എന്നാല്‍,കോൺഗ്രസിന്റേത് 40.9 ൽ നിന്ന‌് 34.50 ശതമാനത്തിലേക്ക‌് താഴ‌്ന്നു. ഛത്തീസ‌്ഗഢിലെ വോട്ടുനില 33 ശതമാനത്തില്‍ നിന്നും ബിജെപി 50.77 ശതമാനമാക്കി. കോൺഗ്രസ‌ിന്റേത് 43 ൽ നിന്ന‌് 40.85 ലേക്ക‌് താഴ‌്ന്നു. ബിജെപിയുടെ തീവ്രവർഗീയതയെ മൃദുവർഗീയത കൊണ്ടു നേരിടാനാണ‌് കോൺഗ്രസ‌് ശ്രമിച്ചത‌്. ചൗക്കിദാർ ചോർ ഹെ മുദ്രാവാക്യം ഉയർത്തിയെങ്കിലും പിന്നീട‌് കോടതിയിൽ മാപ്പുപറഞ്ഞത‌് വലിയ തിരിച്ചടിയായി.  അമേഠിയിൽ നിന്നുള്ള രാഹുലിന്റെ ഒളിച്ചോട്ടം ബിജെപി വലിയ രീതിയിൽ പ്രചാരണായുധമാക്കി. പ്രിയങ്കയെ ഇറക്കിയുള്ള പ്രചാരണവും ഗുണം ചെയ‌്തില്ല. ഉത്തരേന്ത്യ പൂർണമായും ബിജെപിക്ക‌് കാഴ‌്ചവച്ച കോൺഗ്രസിന‌് ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവിന‌് ഇനിയും കാത്തിരിക്കേണ്ടിവരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top