13 November Wednesday

ശ്രീറാം വിളിയും ആള്‍ക്കൂട്ടക്കൊലയും : മോഡിക്ക്‌ കത്തയച്ച പ്രമുഖർക്കെതിരെ കേസ്‌; രാമചന്ദ്രഗുഹ, അടൂർ , മണിരത്‌നമടക്കം പ്രതികളായി 50 പേർ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2019

ന്യൂഡല്‍ഹി> രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകളും വിദ്വേഷപ്രചാരണവും കൊടുമ്പിരികൊള്ളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക‌് കത്തയച്ച പ്രമുഖർക്കെതിരെ കേസെടുത്തു. രാമചന്ദ്ര​ഗുഹയും അടൂര്‍ ​ഗോപാലകൃഷ്ണനും മണിരത്നവും ഉൾപ്പെടെയുള്ള 50 പേർക്കെതിരെയാണ്‌ കേസെടുത്തത്‌.ജൂലൈയിലാണ്‌ കത്തയച്ചത്‌.  ബിഹാർ മുസാഫൂർ കോടതിയാണ്‌ കേസെടുത്തത്‌. അഭിഭാഷകനായ  സുധീർ കുമാർ ഓജ നൽകിയ ഹർജിയിൽ മുസാഫർ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ സൂര്യകാന്ത്‌ തിവാരിയാണ്‌ കേസെടുക്കാൻ ഉത്തരവായത്‌. സമാധാനം നശിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ ചാർജുകളാണ്‌ പൊലീസ്‌ ചുമത്തിയിട്ടുള്ളത്‌.

രാമചന്ദ്രഗുഹ, അടൂർഗോപാലകൃഷ്‌ണൻ, അപർണ സെൻ, മണിരത്‌നം

രാമചന്ദ്രഗുഹ, അടൂർഗോപാലകൃഷ്‌ണൻ, അപർണ സെൻ, മണിരത്‌നം



 “ജയ് ശ്രീറം’ വിളി രാജ്യത്ത് കൊലവിളിപോലെയായി മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിം സമുദായാം​ഗങ്ങളെയും ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ നിര്‍ത്താന്‍ അടിയന്തര ഇടപടല്‍ വേണം.

2016ല്‍ മാത്രം ദളിതര്‍ക്കെതിരെ 840 ആക്രമണങ്ങൾ റിപ്പോര്‍ട്ട് ചെയ്തെന്ന ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് ആശങ്ക ഉയര്‍ത്തുന്നു.  ഇത്തരം ദുഃഖകരമായ സംഭവങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയണം. പാര്‍ലമെന്റില്‍ തള്ളിപ്പറഞ്ഞതുകൊണ്ടു മാത്രമായില്ല, ഇത്തരം പ്രവൃത്തികളെ ജാമ്യമില്ലാ കുറ്റമാക്കി മാറ്റണം. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരമില്ലാതെ ജനാധിപത്യം പൂര്‍ണമാകില്ല. സര്‍ക്കാരിനെതിരെ  പ്രതിഷേധം ഉയര്‍ത്തുന്നവരെ ന​ഗര നക്സലുകളെന്നോ ദേശദ്രോഹികളെന്നോ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും കത്തില്‍ പറഞ്ഞിരുന്നു. .

അപര്‍ണ സെന്‍, രേവതി, ശ്യാം ബെന​ഗല്‍, ശുഭ മുദ്​ഗല്‍, അനുരാ​ഗ് കശ്യപ്, സൗമിത്ര ചാറ്റര്‍ജി, ബിനായ് സെന്‍, ആശിഷ് നന്തി എന്നിവരടക്കം 49  പ്രമുഖ വ്യക്തികളാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്‌.
 


പ്രധാന വാർത്തകൾ
 Top