21 September Saturday

ഇടതുപാർടികളുടെ പ്രസ‌്താവന: യുഎസ‌് സമ്മർദത്തിന‌് കീഴടങ്ങരുത‌്

സ്വന്തം ലേഖകൻUpdated: Friday Jun 21, 2019

ന്യൂഡൽഹി
എൻഡിഎ സർക്കാർ അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി ഇന്ത്യയുടെ താൽപ്പര്യം അടിയറവയ്ക്കരുതെന്ന് അഞ്ച‌്  ഇടതുപാർടികള്‍ സംയുക്തപ്രസ‌്താവനയിൽ ആവശ്യപ്പെട്ടു. സമ്പദ‌്ഘടന കൂടുതൽ തുറന്നിടാനും  വാണിജ്യനിയന്ത്രണങ്ങൾ എടുത്തുകളയാനും പ്രതിരോധസാമഗ്രി ഇറക്കുമതിക്കും ഇന്ത്യയെ നിർബന്ധപൂർവം പ്രേരിപ്പിക്കാന്‍ അമേരിക്കൻ വിദേശസെക്രട്ടറി മൈക്ക് പോംപിയോ 25നും 26നും ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇടതുപാര്‍ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വാണിജ്യഇടപാടുകളിൽ “മുന്തിയ പരിഗണനയുള്ള രാജ്യം’ എന്ന പദവിയിൽനിന്ന‌് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയതിനു തൊട്ടുപിന്നാലെയാണ‌് പോംപിയോയുടെ സന്ദർശനം. ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്ന‌് തുടര്‍ന്നും എണ്ണ വാങ്ങിയാല്‍ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന‌ാണ് അമേരിക്കന്‍ ഭീഷണി.

|ക്യൂബ, ഇറാൻ, വെനസ്വേല, നിക്കരാ​​ഗ്വേ എന്നീ രാജ്യങ്ങളിൽ ഭരണമാറ്റമുണ്ടാക്കാന്‍ അന്നാട്ടുകാരെ ശ്വാസം മുട്ടിക്കുകയാണ‌് അമേരിക്ക.
പ്രതിസന്ധി നേരിടുന്ന ആഗോളസമ്പദ‌്ഘടനയെ വ്യാപാരയുദ്ധം പിന്നോട്ടടിപ്പിക്കും. ഇന്ത്യയുടെ നയങ്ങൾ തിരുത്തണമെന്നും ഇറാനിൽനിന്ന‌ും വെനസ്വേലയിൽനിന്നും എണ്ണയും റഷ്യയിൽനിന്ന‌് എസ‌്–-400 മിസൈലും വാങ്ങരുതെന്നും അമേരിക്ക സമ്മർദം ചെലുത്തുകയാണ‌്.

 ഇന്ത്യയുടെ പരമാധികാരത്തിനും ജനങ്ങളുടെ ആത്മാഭിമാനത്തിനും കോട്ടം വരുത്തുന്ന ഭീഷണികള്‍ക്ക് മുന്നിൽ എൻഡിഎ സർക്കാർ വഴങ്ങിക്കൊടുക്കരുത്.ദേശീയതാൽപ്പര്യം സംരക്ഷിക്കാന്‍ സ്വതന്ത്രമായ നയം ഉയർത്തിപ്പിടിക്കണമെന്ന് സീതാറാം യെച്ചൂരി(സിപിഐ എം), സുധാകർ റെഡ്ഡി(സിപിഐ), ദീപാങ്കർ ഭട്ടചാര്യ(സിപിഐ എംഎൽ ലിബറേഷൻ), ദേബബ്രത ബിശ്വാസ‌്(ഫോർവേഡ‌് ബ്ലോക്ക‌്), ക്ഷിതി ഗോസ്വാമി(ആർഎസ‌്പി) എന്നിവർ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top