ന്യൂഡൽഹി
സിബിഐയുടെ ആവശ്യപ്രകാരം ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് മാറ്റിവയ്ക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന സിബിഐ നടപടിയിൽ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
ഒരോ തവണ പരിഗണിക്കുമ്പോഴും കേസ് മാറ്റിവയ്ക്കാൻ ഒരോ കാരണം ഉണ്ടാക്കുകയാണെന്ന് ജസ്റ്റിസ് യു യു ലളിത് നിരീക്ഷിച്ചു. മറ്റ് കേസുകൾ ഉള്ളതിനാൽ ഈ കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. “താങ്കളുടെ ഇപ്പോഴത്തെ തിരക്കുകൾ പരിഗണിച്ചാൽ ഒരോ പ്രാവശ്യവും ഒരോ കാരണം ഉണ്ടാകുമെന്ന് തോന്നുന്നു’വെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട അധികരേഖ സമർപ്പിക്കാമെന്ന് കോടതിക്കുമുമ്പാകെ നേരത്തേ സിബിഐ അവകാശപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഏഴിന് കേസ് പരിഗണിക്കുംമുമ്പ് രേഖ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. രണ്ടുമാസത്തിനിടെ നാലാംതവണയാണ് സിബിഐ ആവശ്യപ്രകാരം കേസ് മാറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..