21 February Thursday

ഉര്‍ദു കവി മുനവ്വര്‍ റാണ പുരസ്കാരം തിരിച്ചുനല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2015

ന്യൂഡല്‍ഹി > രാജ്യം വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ ഉര്‍ദുകവി മുനവ്വര്‍ റാണ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കി. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് റാണ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി സര്‍ക്കാരിന്റെ ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച റാണ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും തിരിച്ചേല്‍പ്പിക്കും.

""മുസ്ലിമായ എന്നെ ചിലര്‍ പാകിസ്ഥാന്‍കാരനായി മുദ്രകുത്തുകയാണ്. വൈദ്യുതി പോലും എത്താത്ത പ്രദേശങ്ങളുള്ള ഈ രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്നാണ് ആരോപിക്കുന്നത്''-62കാരനായ റാണ പറഞ്ഞു. താന്‍ റായ്ബറേലിക്കാരനാണ്. രാഷ്ട്രീയം അവിടെ ഓടയിലൂടെപ്പോലും ഒഴുകുകയാണ്.

പക്ഷേ അത് കാര്യമാക്കുന്നില്ല- റാണ കൂട്ടിച്ചേര്‍ത്തു. 2014ല്‍ ഷാബാദ എന്ന കവിതാസമാഹാരത്തിനാണ് റാണയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. വിവിധ ഭാഷകളില്‍നിന്ന് അമ്പതോളം എഴുത്തുകാരാണ് ഇതുവരെ പുരസ്കാരങ്ങള്‍ മടക്കിയത്. ചിലര്‍ അക്കാദമി സമിതികളില്‍നിന്ന് രാജിവച്ചും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top