19 February Tuesday

കവി അശോക് വാജ്പേയിയും പുരസ്കാരം തിരിച്ചുനല്‍കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2015

ന്യൂഡല്‍ഹി > എഴുത്തുകാരിയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അനന്തരവളുമായ നയന്‍താര സെഹ്ഗാളിനു പിന്നാലെ പ്രമുഖ ഹിന്ദി കവിയും നിരൂപകനുമായ അശോക് വാജ്പേയിയും സാഹിത്യഅക്കാദമി പുരസ്കാരം തിരിച്ചുനല്‍കും. എഴുത്തുകാര്‍ നിലപാട് എടുക്കേണ്ട നിര്‍ണായക സാഹചര്യമാണ് ഇതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അന്ധവിശ്വാസവിരുദ്ധ പ്രചാരകരുടെയും ന്യൂനപക്ഷങ്ങളുടെയും വധത്തില്‍ എഴുത്തുകാര്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. എഴുത്തുകാര്‍ കൊല്ലപ്പെടുമ്പോള്‍, നിരപരാധികള്‍ വധിക്കപ്പെടുമ്പോള്‍, മന്ത്രിസഭയിലുള്ളവര്‍ വിവാദനിലപാടുകള്‍ തുടരുമ്പോള്‍- ലക്ഷക്കണക്കിനാളുകളെ അഭിമുഖീകരിക്കുന്ന വഗ്ചതുരനായ പ്രധാനമന്ത്രി മൗനം അവലംബിക്കുകയാണ്.

അവരെ നിശ്ശബ്ദനാക്കാന്‍ നരേന്ദ്ര മോഡിക്ക് എന്തുകൊണ്ട് കഴിയുന്നില്ല. ഇത്തരം നടപടികള്‍ ക്ഷമിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, എല്ലാം ക്ഷമിച്ചുകൊടുക്കപ്പെടുകയാണിപ്പോള്‍- അശോക് വാജ്പേയി ചൂണ്ടിക്കാട്ടി. സാഹചര്യത്തിനൊത്ത് ഉയര്‍ത്ത് ജാഗ്രത്തായ എഴുത്തുകാരുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതില്‍ സാഹിത്യഅക്കാദമി പരാജയപ്പെട്ടു. മുതിര്‍ന്ന എഴുത്തുകാരിയായി നയന്‍താര സെഹ്ഗാളിന്റെ ഉറച്ച നിലപാടിന് ശക്തമായ പിന്തുണ അറിയിക്കുന്നുവെന്നും ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷന്‍കൂടിയായ അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ "കഹിന്‍ നഹിന്‍ വഹിന്‍' എന്ന കവിതാസമാഹാരത്തിനാണ് 1994ല്‍ സാഹത്യഅക്കാദമി പുരസ്കാരം ലഭിച്ചത്. കവിത, സാഹിത്യ- സാംസ്കാരിക നിരൂപണമേഖകളിലായി 23 പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നട എഴുത്തുകാരന്‍ എം എം കലബുര്‍ഗി, അന്ധവിശ്വാസവിരുദ്ധ പ്രചാരകരായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലും ദാദ്രിസംഭവത്തിലും പ്രതിഷേധിച്ചാണ് നയന്‍താര സെഹ്ഗാള്‍ പുരസ്കാരം തിരിച്ചേല്‍പ്പിച്ചത്. ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശ് നേരത്തെ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചേല്‍പ്പിച്ചിരുന്നു. ആറ് കന്നട സാഹിത്യകാരന്മാരും കന്നട സാഹിത്യ പരിഷത് പുരസ്കാരം തിരിച്ചേല്‍പ്പിച്ചു.

പ്രധാന വാർത്തകൾ
 Top