17 February Sunday

ബീഫ് കഴിച്ചതിന് മധ്യവയസ്ക്കനെ അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2015

അലഹബാദ് > ബീഫ് കഴിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ച് ഉത്തര്‍പ്രദേശില്‍ 50 വയസ്സുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗാസിയാബാദ് ജില്ലയിലെ ദാദ്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് വിളിപ്പാടകലെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്.മുഹമ്മദ് അഖ് ലാകിനെയും മകന്‍ ദഹീനെയുമാണ് കൂട്ടംചേര്‍ന്നെത്തിയ ഗ്രാമവാസികള്‍ കല്ലും വടിയും കൊണ്ട് മര്‍ദ്ദിച്ചത്. ഇവര്‍ ബീഫ് ഉപയോഗിക്കുന്നെന്ന് സമീപത്തെ അമ്പലത്തില്‍നിന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് നൂറോളം ആളുകളടങ്ങിയ സംഘം ആക്രമണം നടത്തിയത്. അഖ് ലാക് സംഭവസ്ഥലത്തുത്തന്നെ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍കഴിയുന്ന ദഹീന്റെനില ഗുരുതരമാണ്.

കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഹമ്മദ് അഖ് ലാകിനെ വീട്ടില്‍നിന്നും വലിച്ചിറക്കിയ സംഘം ഇഷ്ട്ടികകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് മകള്‍ പറഞ്ഞു. ആടിന്റെ മാംസമാണ് കഴിച്ചതെന്നും അഖ് ലാകിന്റെ  കുടുംബാംഗങ്ങള്‍ പറഞ്ഞു.

സമീപത്തുള്ള അമ്പലത്തിലെ പൂജാരിയേയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. മാംസം ഫോറന്‍സിക് പരിശോധനക്കും അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, അവരുടെ ഫ്രിഡ്ജിലിരുന്ന മാംസം ഏതാണെന്നത് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അതായത് ബീഫാണ് കഴിച്ചതെങ്കില്‍ ഇന്ത്യയില്‍ ആളെ തല്ലിക്കൊല്ലാമെന്നാണോ - എന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടായതിനെതുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസുമായി ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗോവധം നിരോധിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട മുഹമ്മദ് അഖ് ലാകിന്റെ മകള്‍ പതിനെട്ടുവയസുകാരിയായ സജിദയുടെ വാക്കുകളില്‍ ഇപ്പോഴും നടുക്കം വിട്ടൊഴിയുന്നില്ല- ""ഗ്രാമവാസികളായ നൂറിലേറെപേരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച രാത്രി ഞങ്ങളുടെ വീട്ടിലെത്തിയത്. ഞങ്ങള്‍ ഗോമാംസം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാക്രോശിച്ച അവര്‍ വാതിലുകള്‍ തകര്‍ന്ന് അകത്തുകടന്നുകയറി അച്ഛനെയും സഹോദരനെയും ക്രൂരമായി തല്ലിച്ചതച്ചു. എന്റെ അച്ഛനെ അവര്‍ പുറത്തേക്ക് വലിച്ചിഴച്ചു. ഇഷ്ട്ടികകള്‍കൊണ്ട് അടിച്ചു.

പിന്നീടാണ് ഞങ്ങള്‍ക്ക് അറിയാന്‍കഴിഞ്ഞത് സമീപത്തുള്ള അമ്പലത്തില്‍നിന്ന് ഞങ്ങള്‍ ബീഫ് കഴിക്കുന്നതായി മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തിയിരുന്നെന്ന്.. ഇവിടെ ഫ്രിഡ്ജില്‍ കുറച്ച് ആട്ടിറച്ചി ഉണ്ടായിരുന്നു. പരിശോധനകള്‍ക്കായി പൊലീസ് അത് കൊണ്ടുപോയിരിക്കുകയാണ്.''

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top