17 February Sunday

ഗായകന്‍ വിത്തല്‍ റാവു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2015

ഹൈദരാബാദ് > കാണാതായ വിശ്രുത ഗസല്‍ ഗായകന്‍ പണ്ഡിറ്റ് വിത്തല്‍ റാവുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞമാസം കാണാതായ അദ്ദേഹത്തെ തെരയുന്നതിനിടയിലാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍നിന്ന് മരണവിവരം സ്ഥിരീകരിക്കുന്നത്. 86 വയസ്സായിരുന്നു.മെയ് 29ന് ബന്ധുക്കള്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ഷിര്‍ദിയിലെ സായിബാബ ആശ്രമത്തില്‍ എത്തിയശേഷം കാണാതാകുകയായിരുന്നു. മറവിരോഗത്തിന് ചികിത്സയിലായിരുന്നു.

റാവുവിനെ കണ്ടെത്താന്‍ ശിഷ്യരും ബന്ധുക്കളും ഊര്‍ജിതശ്രമം നടത്തുന്നതിനിടെയാണ് മരണവാര്‍ത്ത. കഴിഞ്ഞ 24ന് ബീഗംപേട്ടില്‍ അവശനിലയില്‍ കണ്ട റാവുവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചു. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതിനുശേഷമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍മാര്‍ക്കും റാവുവിനെ തിരിച്ചറിയാനായില്ല.തലത് മുഹമ്മദിന്റെ അഭിപ്രായത്തില്‍ ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരത്തിലെ അവസാനഗായകനായിരുന്നു റാവു. ജൂണ്‍ രണ്ടിന് നടന്ന തെലങ്കാന സംസ്ഥാന രൂപീകരണോദ്ഘാടനത്തിന് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. സൂഫി ശൈലിയാണ് അദ്ദേഹം ആലാപനത്തില്‍ സ്വീകരിച്ചത്. അമീര്‍ ഖുസ്രുവിന്റെ വരികളായിരുന്നു റാവുവിന് ഏറെ ഇഷ്ടം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top