02 March Tuesday

റെയില്‍വേയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം

സാജന്‍ എവുജിന്‍Updated: Saturday Jun 13, 2015

ന്യൂഡല്‍ഹി > റെയില്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനും റെയില്‍ബജറ്റ് തന്നെ അവസാനിപ്പിക്കാനും ബിബേക് ദേബ്റോയ് കമ്മിറ്റി ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയെ ഈരംഗത്തെ പല സേവനദാതാക്കളില്‍ ഒന്നാക്കിമാറ്റാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ട്രെയിന്‍സര്‍വീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സുരക്ഷാസംവിധാനം എന്നിവ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കണം. റെയില്‍വേ സ്കൂളുകളും ആശുപത്രികളും പൂട്ടണം. പരമാവധി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് റെയില്‍വേയുടെ പ്രവര്‍ത്തനലക്ഷ്യമായി നിശ്ചയിക്കേണ്ടത്- ദേബ്റോയ്യുടെ നേതൃത്വത്തിലുള്ള എട്ടംഗസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശുപാര്‍ശകള്‍ക്കെതിരെ റെയില്‍വേ ബോര്‍ഡ് രംഗത്തുവന്നു. മോഡിസര്‍ക്കാര്‍ അധികാരമേറ്റശേഷം, സദാനന്ദഗൗഡ റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് കമ്മിറ്റിയെ വച്ചത്.അഞ്ചു വര്‍ഷത്തിനകം സ്വതന്ത്ര റെയില്‍വേ റഗുലേറ്ററെ നിയമിക്കണം. റെയില്‍വേ സര്‍വീസുകളുടെ നിയന്ത്രണം റഗുലേറ്ററെ ഏല്‍പ്പിക്കണം. ഇതോടെ ടെലികോം, വൈദ്യുതി മേഖലകളിലേതുപോലെ റെയില്‍വേയിലും സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണമായി ഇല്ലാതാവും. ഈരംഗത്തെ പല കമ്പനികളില്‍ ഒന്നു മാത്രമായി ഇന്ത്യന്‍ റെയില്‍വേ മാറും. റെയില്‍ബജറ്റും അഞ്ചു വര്‍ഷത്തിനകം അവസാനിപ്പിക്കണം. സര്‍ക്കാര്‍ വിഹിതമെന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം പൊതുബജറ്റില്‍ പരാമര്‍ശിച്ചാല്‍ മതി.

റെയില്‍വേ ബോര്‍ഡിനെ കോര്‍പറേറ്റ് സ്ഥാപന ബോര്‍ഡുകളുടെ മാതൃകയില്‍ ഉടച്ചുവാര്‍ക്കണം. ബോര്‍ഡ് ചെയര്‍മാന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാവണം. ചരക്കുകടത്തിനും സ്വകാര്യ ട്രെയിനുകള്‍ വേണം.സ്റ്റേഷനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറണം. സ്റ്റേഷന്‍ മാനേജരുടെ തസ്തിക സ്റ്റേഷന്‍ സൂപ്പര്‍വൈസര്‍ എന്നാക്കണം. സുരക്ഷാസംവിധാനത്തിന് റെയില്‍വേ സംരക്ഷണസേന വേണോ സ്വകാര്യ ഏജന്‍സി മതിയോ എന്ന് ജനറല്‍ മാനേജര്‍മാര്‍ക്കും ഡിവിഷണല്‍ മാനേജര്‍മാര്‍ക്കും തീരുമാനിക്കാം. റെയില്‍വേ പൊലീസിന്റെ സാമ്പത്തികബാധ്യത സംസ്ഥാനങ്ങള്‍ വഹിക്കണം. സോണുകളും ഡിവിഷനുകളും സ്വതന്ത്ര ബിസിനസ് കേന്ദ്രങ്ങളാവണം.

അഞ്ചുവര്‍ഷം വീതമുള്ള രണ്ടു ഘട്ടമായാണ് പരിഷ്കാരങ്ങള്‍. റെയില്‍വേ സ്കൂളുകളും ആശുപത്രികളും നടത്തുന്നത് അവസാനിപ്പിക്കണം. ജീവനക്കാരുടെ കുട്ടികള്‍ പഠനത്തിന് കേന്ദ്രീയവിദ്യാലയങ്ങളിലും സ്വകാര്യ സ്കൂളുകളിലും സംവിധാനമുണ്ടാക്കണം. സ്വകാര്യആശുപത്രികളില്‍ ചികിത്സാസൗകര്യമൊരുക്കണം.ദേബ്റോയ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്കുപോലും ബോര്‍ഡ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സ്വകാര്യവല്‍ക്കരണത്തിന്സര്‍ക്കാരില്‍ കോര്‍പറേറ്റ് സമ്മര്‍ദം ശക്തമാണ്. ടെലികോം, വൈദ്യുതി, വിമാനത്താവളം, കല്‍ക്കരിഖനി മേഖലകളില്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ റെയില്‍വേയെ മാത്രം ഒഴിച്ചുനിര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് കോര്‍പറേറ്റുകള്‍ ഉയര്‍ത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top