ന്യൂഡല്‍ഹി: ബിജെപി നേതാവ് എല്‍ കെ അദ്വാനി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പത്മവിഭൂഷണ്‍. ബോളിവുഡ് താരം അമിതാഭ് ബച്ചന്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍, ഡോ. വീരേന്ദ്ര ഹെഗ്ഡെ, ബോളിവുഡ് താരം ദിലീപ് കുമാര്‍, ജഗത്ഗുരു രാമാനന്ദാചാര്യ സ്വാമി രാംഭദ്രാചാര്യ, മാളൂര്‍ രാമസ്വാമി ശ്രീനിവാസന് എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് വ്യവസായിയായ കരിം അല്‍ ഹുസൈനി ആഗാഖാനും പത്മവിഭൂഷണ്‍ പുരസ്കാരം പങ്കിട്ടു.20 പേര്‍ക്ക് പത്മഭൂഷണും 75 പേര്‍ക്ക് പത്മശ്രീയും നല്‍കും.
മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ്, അദ്ദേഹത്തിന്റെ പത്നി മെലിന്‍ഡ ഗേറ്റ്സ്, മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, കായികതാരം സത്പാല്‍, ഡോ. അംബരീഷ് മിത്തല്‍ തുടങ്ങിയവരാണ് പത്മഭൂഷണ്‍ പട്ടികയില്‍ ഇടം നേടിയത്. കേരളത്തില്‍നിന്ന് ആര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചില്ല.
ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവച്ച മലയാളി ഡോക്ടര്‍ കെ പി ഹരിദാസ് ഉള്‍പ്പെടെയുള്ളവരാണ് പത്മശ്രീ അവാര്‍ഡ് നേടിയത്. കൊങ്ങിണി സാഹിത്യകാരനും വിവര്‍ത്തകനുമായ നാരായണ പുരുഷോത്തമ മല്ലയ്യയും കേരളത്തില്‍നിന്ന് പത്മശ്രീ പുരസ്കാരം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഡോ. അശോക് ഗുലാത്തി, കായികതാരം പി വി സിന്ധു തുടങ്ങിയവരും പത്മശ്രീക്ക് അര്‍ഹരായി.നിയമരംഗത്തെ പ്രമുഖനും ഭരണഘടനാവിദഗ്ധനുമാണ് പത്മവിഭൂഷണ്‍ നേടിയ കെ കെ വേണുഗോപാല്‍.
പ്രമുഖ അഭിഭാഷകനായിരുന്ന എം കെ നമ്പ്യാരുടെ മകനായി 1931ല്‍ ജനിച്ച അദ്ദേഹം ആറു പതിറ്റാണ്ടായി നിയമരംഗത്ത് സജീവമാണ്. 2002ല്‍ പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. ഭൂട്ടാന് ഭരണഘടന തയ്യാറാക്കിയ സമിതിയില്‍ അംഗമായിരുന്ന കെ കെ വേണുഗോപാല്‍ ഇപ്പോള്‍ നേപ്പാള്‍ ഭരണഘടന നിര്‍മാണ സമിതിയിലും അംഗമാണ്. ഡല്‍ഹി സര്‍ക്കാരാണ് അദ്ദേഹത്തെ പത്മവിഭൂഷണ്‍ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്തത്.ആരോഗ്യരംഗത്തെ ശ്രദ്ധേയ സംഭാവനകളാണ് ഡോ. കെ പി ഹരിദാസിനെ പത്മശ്രീ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വിഭാഗം അധ്യാപകനായി സേവനമാരംഭിച്ച കെ പി ഹരിദാസ് പിന്നീട് ശസ്ത്രക്രിയാരംഗത്തെ പ്രമുഖനായി ഉയര്‍ന്നു. ഇംഗ്ലണ്ടില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. കേരളത്തിലെ ആദ്യ കരള്‍ ശസ്ത്രക്രിയയും താക്കോല്‍ദ്വാര ശസ്ത്രക്രിയയും ഉള്‍പ്പെടെ നടന്നത് ഡോ. കെ പി ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു. ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടീഷ് പാര്ലമെന്റിന്റേതുള്പ്പെടെ നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. തിരുവനന്തപുരത്തെ ലോര്‍ഡ്സ് ആശുപത്രി സ്ഥാപകനാണ് .കൊങ്ങിണി സാഹിത്യകാരനും വിവര്‍ത്തകനുമാണ് പുരുഷോത്തമ മല്ലയ്യ. 1929ല്‍ ജനിച്ച അദ്ദേഹം കൊങ്ങിണി ഭാഷാ പ്രചാരസഭയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ്. ഭരണഘടനയുടെ എട്ടാംപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്നായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ച മല്ലയ്യ അടുത്തിടെ തിരുക്കുറള്‍ കൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..