കൊല്‍ക്കത്ത: അഖിലേന്ത്യാ കിസാന്‍സഭാ മുന്‍ അധ്യക്ഷനും സിപിഐ എം മുന്‍ കേന്ദ്രകമ്മിറ്റി അംഗവുമായ ബിനോയ് കോനാര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. അസുഖംമൂലം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച രാവിലെ സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും.പശ്ചിമബംഗാളിലെ ഭൂപരിഷ്കരണത്തിന്റെ ശില്‍പ്പിയായ ഹരേകൃഷ്ണ കോനാറിന്റെ സഹോദരനാണ്. നിലവില്‍ അഖിലേന്ത്യാ കിസാന്‍സഭാ വൈസ് പ്രസിഡന്റും സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി ഓണററി അംഗവുമാണ്.
സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം മഹാറാണി കോനാറാണ് ഭാര്യ. നാലു മക്കളുണ്ട്. മക്കളായ സുകാന്ത കോനാര്‍ സിപിഐ എം ബര്‍ദ്വാന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും അഭിജിത് കോനാര്‍ ജില്ലാകമ്മിറ്റി അംഗവുമാണ്.ശരത്ചന്ദ്ര കോനാറുടെയും സത്യബാലദേവിയുടെയും മകനായി 1930 ഏപ്രില്‍ 24നു ബര്‍ദ്വാന്‍ ജില്ലയിലെ നെമാറിയിലായിരുന്നു ജനം. ചെറുപ്പംമുതല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിച്ചു. 1948ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1981ല്‍ സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമിതി അംഗവും 1991ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി.
സ്വന്തം നാടായ നെമാറി മണ്ഡലത്തില്‍നിന്ന് 1969, 71, 77 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കോനാര്‍ ആറ് വര്‍ഷവും ഒമ്പത് മാസവും ജയില്‍വാസം അനുഭവിച്ചു. രണ്ടര വര്‍ഷം ഒളിവിലായിരുന്നു. ബര്‍ദ്വാന്‍ ജില്ലയില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.2012ല്‍ കോഴിക്കോട്ട് നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് കണ്ട്രോള് കമീഷന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍,അനാരോഗ്യംമൂലം ഏതാനും മാസത്തിനകം സ്ഥാനമൊഴിയുകയായിരുന്നു.