16 January Saturday

അവര്‍ പറയുന്നു, 'കോവിഡിനക്ക് ഈലക്ക് ബരാന്‍ കയ്യ'

നിമിഷ ജോസഫ്Updated: Tuesday Nov 17, 2020

തിരുവനന്തപുരം> മൂത്തോന്‍, അനാര്‍ക്കലി, മോസയിലെ കുതിര മീനുകള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ് ലക്ഷദ്വീപെന്ന സുന്ദരിയെ. ഒരിക്കലെങ്കിലും ആ അത്ഭുത ദ്വീപില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതേ അത്ഭുതമാണ് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലും ലക്ഷദ്വീപിനെ വ്യത്യസ്തമാക്കുന്നത്.

ലോകത്തെ പിടിച്ചുകുലുക്കിയ മഹാവ്യാധിക്ക് മുന്നില്‍ തലകുനിക്കാതെ പോരാടുകയാണ് ലക്ഷം മാറ്റുള്ള ദ്വീപ്.
 കോവിഡ് വരവറിയിച്ചിട്ട് പത്തുമാസമാകുമ്പോഴും രോഗത്തെ കടലിനക്കരെ തളച്ചിട്ട ഒരേയൊരിടമേ ഉള്ളൂ രാജ്യത്ത്. 'ജെസരി'യെന്ന ലിപിയില്ലാത്ത ഭാഷ സംസാരിക്കുന്നവരുടെ ഈ നാട്ടില്‍ ഒരാള്‍ക്ക് പോലും
ഇതുവരെ രോഗം ബാധിച്ചിട്ടില്ല. തൊട്ടടുത്ത ദ്വീപായ ആന്‍ഡമാന്‍ നിക്കോബറില്‍പോലും രോഗികളുടെ എണ്ണം അരലക്ഷത്തോളമാകുമ്പോഴാണ് വിനോദസഞ്ചാരികളുടെ പറുദീസയായ ഇവിടം വിജയചരിതമെഴുതുന്നത്.

 സെപ്തംബര്‍ 21ന് ഇവിടെ സ്‌കൂളുകളും തുറന്നു. കോവിഡിനെത്തുടര്‍ന്ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് എവിടെയെങ്കിലും തുറക്കുന്നത് ഇതാദ്യമായാണ്. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ ഒന്നടങ്കം ശ്രദ്ധപുലര്‍ത്തുന്നതിനാലാണ് രോഗം അകറ്റിനിര്‍ത്താനായതെന്ന് ലക്ഷദ്വീപ് എംപിയായ പി പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

അകറ്റി നിര്‍ത്തി

വിദ്യഭ്യാസം, ആരോഗ്യം തുടങ്ങി ഏതാവശ്യത്തിനും കേരളത്തെ ആശ്രയിക്കുന്ന ഇവിടെ  മൊത്തം 36 ദ്വീപുകളാണുള്ളത്. ഇതില്‍ 10 ദ്വീപില്‍ ജനവാസമുണ്ട്. കേരളത്തില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ  ദ്വീപിലേയ്ക്കുള്ള ആഭ്യന്തര, അന്താരാഷ്ട്രവിനോദസഞ്ചാരം, എന്നിവ വിലക്കി. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദ്വീപിലെത്തി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുണ്ട്. സ്വന്തം നാട്ടിലേക്ക് പോയ അത്തരം തൊഴിലാളികളെയും താല്‍കാലികമായി അധികൃതര്‍ വിലക്കി. ദ്വീപ് സ്വദേശികളായ ചിലര്‍ക്ക് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവര്‍ ചികിത്സയില്‍ തുടര്‍ന്നു. കൊച്ചിയില്‍ മൂന്നിടങ്ങളില്‍ ദ്വീപ് നിവാസികള്‍ക്കായി  ലക്ഷദ്വീപ് ഭരണാധികാരികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റൈന്‍ കേന്ദ്രം ആരംഭിച്ചിരുന്നു.

ലക്ഷദ്വീപിലേക്ക്  എത്താനായി  പാലിക്കേണ്ട ഒരു എസ്ഒപിയുണ്ട്. അതില്‍ 28 ദിവസം ക്വാറന്റൈനിലിരിക്കണം. അവര്‍ക്ക് ഭക്ഷണമടക്കമുള്ള മുഴുവന്‍ ചെലവുകളും ലക്ഷദ്വീപ് ഭരണകൂടം വഹിക്കും. 14 ആം ദിവസം അവരെ പരശോധനയ്ക്ക് വിധേയമാക്കും. അതില്‍ നെഗറ്റീവാകുന്നവരെ മാത്രമാണ് ദ്വീപിലേക്ക് വരാന്‍ അനുമതി നല്‍കിയത്. പോസിറ്റീവാകുന്നവരെ കേരള സര്‍ക്കാരിന്റെ സഹായത്തോടെ കളമശേരി മെഡിക്കല്‍ കോളേജിലും രോഗലക്ഷണങ്ങളില്ലാത്തവരെ മറ്റിടങ്ങളിലും ചികിത്സാസംവിധാനമൊരുക്കി.

ആദ്യമൊക്കെ നെഗറ്റീവായി വരുന്നവര്‍ക്ക് ദ്വീപിലും  14 ദിവസം ക്വറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ ഒരാഴ്ച ക്വാറന്റൈനാക്കി. പുറത്തുനിന്ന് എത്തുന്ന  ഉദ്യോഗസ്ഥരടക്കം ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി ഇപ്പോഴും പാലിക്കുന്നു. കവരത്തി, അന്ത്രോത്ത്, മിനിക്കോയ്, അഗത്തി എന്നീ ദ്വീപുകളില്‍ നിലവില്‍ കോവിഡ് പരിശോധനാ സംവിധാനമുണ്ട്. അവിടെ ആളുകളെത്തി പരിശോധന നടത്തുന്നുണ്ട്.

ആദ്യമൊക്കെ കൊച്ചിയില്‍ മാത്രമാണ് പരിശോധനാ സംവിധാനമുണ്ടായിരുന്നത്. പിന്നീട് കവരത്തി, അന്ത്രോത്ത്, മിനിക്കോയ്, അഗത്തി എന്നീ ദ്വീപുകളില്‍   സംവിധാനമൊരുക്കി. ആര്‍ക്കും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തിനാല്‍ പരിശോധന നടത്തേണ്ടിവന്നിട്ടില്ല. കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനായി  ഒരു കേന്ദ്രമുണ്ട്. ഇത് ആദ്യമേ കോവിഡ് ചികിത്സയ്ക്കായി തയ്യാറാക്കിയിരുന്നു.

രോഗമില്ലെങ്കിലും പ്രതിരോധം മുഖ്യം

മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ദ്വീപില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. എങ്കിലും സാമൂഹിക അകലം പാലിക്കുന്നതില്‍ ദ്വീപ്നിവാസികള്‍ ശ്രദ്ധിക്കുന്നുണ്ട്.  ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കോവിഡിനക്ക് ഈലക്ക് ബരാന്‍ കയ്യ'. അത്രയും ഞങ്ങള്‍ ശ്രദ്ധിക്കുന്നു.  കല്‍പ്പേനി ദ്വീപിലെ താമസക്കാരിയും തിരുവനന്തപുരം വിമന്‍സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനിയുമായ ഹസ്ന പി പറഞ്ഞു.

സ്‌കൂളില്‍ തിരികെ

ദ്വീപില്‍ സ്‌കൂളുകള്‍ മാത്രമാണുള്ളത്.ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തെയും മറ്റിടങ്ങളെയുമാണ് ഇവിടുത്താര്‍ ആശ്രയിക്കുന്നത്. സ്‌കൂള്‍ തുറക്കാനായും ഒരു പ്രത്യേക എസ്ഒപി തയ്യാറാക്കി. വിവിധ ക്ലാസുകാര്‍ക്കായി ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസ്. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ സ്‌കൂളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലവും പാലിച്ചുപോരുന്നു.  ഉന്നതപഠനത്തിനായി കേരളത്തിലെത്തിയ വിദ്യാര്‍ഥികളില്‍ പലരും തിരിച്ചെത്തിയെങ്കിലും ചിലരെങ്കിലും കേരളത്തില്‍ തുടരുന്നുണ്ട്.65000 ത്തോളം ദ്വീപ് നിവാസികളില്‍  കേരളത്തിലും മറ്റിടങ്ങളിലുമായി ഉള്ള 50 ഓളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കച്ചവടം

അത്യാവശ്യ സാധനങ്ങള്‍ കൊച്ചിയില്‍ നിന്ന് തന്നെയാണ് കൊണ്ടുവരുന്നത്. ഇതിനായി ലക്ഷദ്വീപിന്റെ കാരിയിങ് വെസല്‍സ് ഉണ്ട്. ലോഡിങ്ങിന് വരുന്നവര്‍ കപ്പലിലുള്ളവരുമായി ബന്ധപ്പെടാത്ത രീതിയിലാണ് പ്രവര്‍ത്തനം. എല്ലാ മാസവും ജോലിക്കാരെ പരിശോധിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കപ്പല്‍ മുഴുവനായും പിടിച്ചുവെക്കും.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള 50 ഓളം പേര്‍ക്ക് ദ്വീപിലെത്തുന്നതിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. അവരെ കൊച്ചിയില്‍ ചികിത്സയ്ക്കുവിധേയരാക്കി. നെഗറ്റീവായശേഷം തിരികെ ദ്വീപിലെത്തിച്ചു. ഇവരെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.

വിനോദസഞ്ചാരം


ദ്വീപിന്റെ സൗന്ദര്യമാസ്വദിക്കാന്‍ സഞ്ചാരികള്‍ ഇനിയും കാത്തിരിക്കണം. കേരളത്തെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നതിനാല്‍ അവിടുത്തെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ ദ്വീപില്‍ വിനോദസഞ്ചാരം പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top