ന്യൂഡൽഹി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഭീഷണിപ്പെടുത്തുന്ന നിലയിലുള്ള അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കിയിരുന്നെങ്കിൽ ലഖിംപുർഖേരി കർഷക കൂട്ടക്കൊല ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. കേസിലെ മുഖ്യപ്രതിയായ മന്ത്രിപുത്രൻ ആശിഷ് മിശ്ര ഉൾപ്പെടെ നാലുപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതി കേന്ദ്രമന്ത്രിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. കൈയാളുന്ന ഉന്നത പദവികളുടെ അന്തസ്സിന് ചേർന്നവിധം രാഷ്ട്രീയനേതാക്കൾ പ്രസംഗിക്കണം. ഉത്തരവാദിത്വമില്ലാത്ത പ്രസംഗങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതത്തെക്കുറിച്ച് മുൻ ധാരണയുണ്ടാകണമെന്നും- ജസ്റ്റിസ് ദിനേശ്കുമാർ സിങ് നിരീക്ഷിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന ലഖിംപുർഖേരിയിൽ നടത്തിയ പരിപാടിയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എന്തിനാണ് പങ്കെടുത്തതെന്നും ജഡ്ജി ചോദിച്ചു. നിയമനിർമാതാക്കൾ നിയമലംഘകരാകുന്നത് അംഗീകരിക്കാനാകില്ല.
ആശിഷ് മിശ്രയ്ക്കും കൂട്ടുപ്രതികൾക്കുമെതിരെ വിപുലമായ തെളിവുകളുണ്ട്. ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും- ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജയ് മിശ്രയുടെ പ്രകോപന പ്രസംഗമാണ് ലഖിംപുർഖേരി കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന കർഷകരുടെ പരാതി ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണങ്ങൾ.
മന്ത്രിയുടെ ഭീഷണി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും പ്രോസിക്യൂഷൻ പരാതിപ്പെട്ടു. യുപി സർക്കാരിന്റെ മറുപടി സത്യവാങ്മൂലത്തിൽ കർഷകർ ലഖിംപുർഖേരിയിൽ തികച്ചും സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..