22 October Tuesday
ഉന്നാവ്‌ പീഡനക്കേസ്‌

പെൺകുട്ടിയുടെ മൊഴി; ട്രക്കിടിപ്പിച്ചത്‌ ബിജെപി എംഎൽഎ തന്നെ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

ന്യൂഡൽഹി >  ഉന്നാവ്‌ പീഡനക്കേസിലെ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ്‌ സിങ്‌ സെൻഗാർ തന്നെ കൊലപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയാണ്‌ ട്രക്കപകടമെന്ന്‌ പെൺകുട്ടിയുടെ മൊഴി. ഇക്കാര്യത്തിൽ സംശയമില്ലെന്നും എയിംസിൽ ചികിത്സയിലുള്ള പെൺകുട്ടി പറഞ്ഞു.

 സിബിഐക്ക്‌ മൊഴിനൽകിയതിനു പിന്നാലെ ടൈംസ്‌ ഓഫ്‌ ഇന്ത്യ പത്രത്തിനോടാണ്‌ ഫോണിൽ വെളിപ്പെടുത്തൽ. സെൻഗാറിൽനിന്നും അനുയായികളിൽനിന്നും ജീവന്‌ ഭീഷണിയുണ്ടെന്ന്‌കാട്ടി നിരവധി തവണ പൊലീസിനും സർക്കാർ അധികൃതർക്കും കത്തയച്ചിരുന്നു. സിബിഐ എയിംസിലെത്തി മൊഴി രേഖപ്പെടുത്തിയപ്പോൾ ഇക്കാര്യവും വ്യക്തമാക്കി.

 കൊല്ലാൻവേണ്ടി സെൻഗാർ സൃഷ്‌ടിച്ചതാണ്‌ അപകടം. ജയിലിൽക്കിടന്നും എന്തുംചെയ്യാൻ സെൻഗാറിനു കഴിയും. കാറോടിച്ചിരുന്ന തന്റെ അഭിഭാഷകൻ വാഹനം പിന്നോട്ടെടുക്കാൻ ശ്രമിച്ചു. അതിനുമുമ്പ്‌ ട്രക്ക്‌ കാറിൽവന്ന്‌ ഇടിച്ചു.
ഉന്നാവയിൽനിന്ന്‌ റായ്‌ബറേലിയിലേക്കുള്ള യാത്രയ്‌ക്കിടെ ജൂലൈ 28നാണ്‌ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച്‌ അപകടമുണ്ടായത്‌. പെൺകുട്ടിയുടെ രണ്ട്‌ അമ്മായിമാർ അപകടത്തിൽ മരിച്ചു. പരിക്കേറ്റ അഭിഭാഷകൻ എയിംസിൽ ചികിത്സയിലാണ്‌.


പ്രധാന വാർത്തകൾ
 Top