11 December Wednesday
കോളേജിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്‌ കൊല്ലപ്പെട്ട ഡോക്‌ടർ പരാതി നൽകിയത്‌ പ്രകോപനമായി

ആസൂത്രിത കൊലപാതകം ; ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ 
കൊലപ്പെടുത്തിയതിനുപിന്നില്‍ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തൽ

ഗോപിUpdated: Monday Aug 19, 2024

ഡൽഹിയിൽ ആരോഗ്യപ്രവർത്തകർ ഞായർ രാത്രി നടത്തിയ പ്രതിഷേധ മാർച്ച്‌ ഫോട്ടോ: പി വി സുജിത്‌


കൊൽക്കത്ത
ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നിൽ ആസൂത്രിത ഗൂഢാലോചന. ഡോക്‌ടറെ കൊലപ്പെടുത്തിയത്‌ യാദൃശ്‌ചികമായ സംഭവമല്ലെന്നും പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. മെഡിക്കൽ കോളേജ്‌ കേന്ദ്രീകരിച്ച്‌  മയക്കുമരുന്ന്‌ ഇടപാടുകളടക്കമുള്ള പല സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

മെഡിക്കൽ കോളേജിലെ ഉന്നതർ മുതൽ താഴെ തട്ടിലുള്ളവർവരെ കണ്ണികളാണെന്നും ആക്ഷേപമുണ്ട്‌. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ്‌ ഘോഷിനെതിരെ പല കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ഉന്നതസ്വാധീനംമൂലം എല്ലാം മുക്കി. അഴിമതി ആരോപണത്തെ തുടർന്ന്‌ ഒരു തവണ ഇയാളെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ  സഞ്‌ജയ് റോയ് ഈ ചങ്ങലയിലെ പ്രധാന കണ്ണികളിൽ ഒരാളാണ്‌. പൊലീസിലെ സിവിൽ വളന്റിയർ ആയ സഞ്‌ജയ്‌ റോയ്‌ തൃണമൂൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്‌. മുമ്പ് നാല്‌ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾക്ക് കോളേജ് അധികൃതരുമായും അടുത്ത ബന്ധമുണ്ട്. നാലു വർഷമായി ഇവിടെയുള്ള  ഇയാൾക്ക്‌ സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലിയെങ്കിലും മറ്റ്‌ വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലും ഇടപെടാറുണ്ടായിരുന്നു.

കോളേജിൽ നടക്കുന്ന സമൂഹവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കൊലചെയ്യപ്പെട്ട ഡോക്ടർ തന്റെ സഹപ്രവർത്തകരോടാപ്പം അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇത്തരം പരാതികൾ ഇല്ലാതാക്കാൻ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ്‌ ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്‌.

വലിയ മാനസിക സംഘർഷത്തിലായിരുന്നു തങ്ങളുടെ ഏക മകളെന്ന്‌ ഡോക്‌ടറുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക്  വിഷമമുണ്ടാകുമെന്ന്‌ കരുതി കോളേജിൽ നടക്കുന്ന കൂടുതൽ വിവരങ്ങൾ തങ്ങളെ അറിയിച്ചിരുന്നില്ല. അവളുടെ ഡയറിയിൽ പലകാര്യങ്ങളും  കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top