17 June Monday

പോരാട്ടത്തിന്റെ വിജയം: കിസാൻസഭ

സ്വന്തം ലേഖകൻUpdated: Saturday May 4, 2019

ന്യൂഡൽഹി
ഉരുളക്കിഴങ്ങ‌് കർഷകർക്കെതിരായ കേസ‌് പിൻവലിക്കാൻ പെപ‌്സികോ സന്നദ്ധത അറിയിച്ചത‌് വിത്തുപയോഗത്തിന്റെ കാര്യത്തിൽ കർഷകർക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന‌് കിസാൻസഭ. എത്രയുംവേഗം കേസ‌് പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ പെപ‌്സി തയ്യാറാകണം. അതല്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ തീവ്രമാകും. പെപ‌്സിയുമായി നടന്നുവരുന്ന സംഭാഷണം ഏതെല്ലാം വി്ധത്തില്ലെന്ന‌് വ്യക്തമാക്കാൻ ഗുജറാത്ത‌് സർക്കാരും തയ്യാറാകണം.
കർഷകർക്കെതിരായി കോടതിയെ സമീപിച്ച പെപ‌്സിയ‌്ക്കെതിരായ പോരാട്ടത്തിൽ രംഗത്തുവന്ന എല്ലാ സംഘടനകളെയും അഭിവാദ്യം ചെയ്യുന്നു.

പെപ‌്സി–- ലെയ‌്സ‌് ബഹിഷ‌്ക്കരണത്തിന‌് വലിയ ജനപിന്തുണയാണ‌് ലഭിച്ചത‌്. ഇത‌് പെപ‌്സിക്ക‌ുമേൽ സമ്മർദം വർധിപ്പിച്ചു. കർഷകരെ അവഹേളിച്ച പെപ‌്സിക്കെതിരായി കർക്കശ നടപടി ആവശ്യമാണ‌്. നഷ്ടപരിഹാരത്തിന‌് പെ‌പ‌്സി തയ്യാറാകണം. ഇതിന‌്  തയ്യാറായില്ലെങ്കിൽ ലൈസൻസ‌് റദ്ദുചെയ്യണം. ഉപാധിരഹിതമായി മാപ്പുപറയാനും തയ്യാറാകണം.

വിത്തുപയോഗത്തിന‌് കർഷകനുള്ള സ്വാതന്ത്ര്യം 2001 ലെ കർഷക അവകാശ–- സസ്യ സംരക്ഷണനിയമത്തിൽ വ്യക്തമായി പറയുന്നുണ്ട‌്. വിത്തുപയോഗത്തിന്റെ കാര്യത്തിൽ ഈ വ്യവസ്ഥ കൃത്യമായും പാലിക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ലാഭംമാത്രം ലക്ഷ്യമിട്ട‌് പ്രവർത്തിക്കുന്ന അഗ്രിബിസിനസ‌് കുത്തകകൾക്കെതിരായി കർഷകരും സംഘടനകളുമെല്ലാം ജാഗ്രത തുടരണം. കുത്തകവൽക്കരണത്തിന‌് വഴിവയ‌്ക്കുന്ന നവലിബറൽ നയങ്ങളെയും ചെറുക്കണം –- കിസാൻസഭ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top