03 March Wednesday
കേന്ദ്രത്തെ തുറന്നുകാട്ടും:‌ കിസാൻസഭ

പ്രക്ഷോഭം തീവ്രമാക്കും ; കിസാൻ പരേഡ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാകും

എം പ്രശാന്ത്‌Updated: Friday Jan 15, 2021ന്യൂഡൽഹി
കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശി ബിജെപി സർക്കാർ തുടരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾ കൂടുതൽ തീക്ഷ്‌ണമാക്കാൻ കർഷക സംഘടനകൾ. 26ന്‌ റിപ്പബ്ലിക് ദിനത്തിൽ നിശ്‌ചയിച്ചിട്ടുള്ള കിസാൻ പരേഡ്‌ ഡൽഹിക്ക്‌ പുറമെ എല്ലാ ജില്ലയിലും സംഘടിപ്പിക്കും. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി കിസാൻപരേഡിനെ മാറ്റാനാണ്‌ നീക്കം. അതിന്‌‌‌ മുമ്പായി രാജ്‌ഭവനുകൾക്ക്‌ മുന്നിൽ ധർണ, മഹിളാകിസാൻ ദിവസ്‌ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കിസാൻപരേഡിനു ശേഷമുള്ള അടുത്ത ഘട്ടം പ്രക്ഷോഭ പരിപാടികൾ കർഷകസംഘടനകൾ തിങ്കളാഴ്‌ച യോഗം ചേർന്ന്‌ തീരുമാനിക്കും.

സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന്‌ കർഷക സംഘടനകൾ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ നിയമങ്ങൾ പിൻവലിച്ചശേഷംമാത്രം പുതിയ നിയമങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ വിദഗ്‌ധസമിതിപോലുള്ള സംവിധാനങ്ങൾ ആകാമെന്നാണ്‌ കർഷകസംഘടനകളുടെ നിലപാട്‌. സുപ്രീംകോടതി പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിന്റെയും സമിതി രൂപീകരണത്തിന്റെയും  മറവിൽ തടിതപ്പാനുള്ള കേന്ദ്രശ്രമത്തെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്‌ തുറന്നുകാട്ടാനാണ്‌ കർഷകസംഘടനകളുടെ നീക്കം. സമരത്തിൽ തീവ്രവാദികളും മറ്റും കടന്നുകയറിയിട്ടുണ്ടെന്നും പഞ്ചാബിലെ കർഷകർ മാത്രമാണ്‌ സമരം ചെയ്യുന്നതെന്നുമുള്ള പ്രചാരണങ്ങളെ പൊളിക്കുകയെന്ന ലക്ഷ്യവും കർഷകസംഘടനകൾക്കുണ്ട്‌. തിങ്കളാഴ്‌ചത്തെ യോഗത്തിൽ ഇതെല്ലാം വിശദമായി ചർച്ചചെയ്യും.

സർക്കാരും കർഷകസംഘടനകളുമായുള്ള ഒമ്പതാംവട്ട ചർച്ച വെള്ളിയാഴ്‌ച നടക്കും. സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിൽ സർക്കാർ ഇനി ചർച്ചയ്‌ക്ക്‌ തയ്യാറാകുമോയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ, മുൻനിശ്‌ചയപ്രകാരം വെള്ളിയാഴ്‌ച ചർച്ചയുണ്ടാകുമെന്ന്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ അറിയിച്ചു. സർക്കാരുമായി ചർച്ചകൾ തുടരാൻ ഒരുക്കമാണെന്ന്‌ കർഷകസംഘടനകൾ നേരത്തേ അറിയിച്ചു.

ഗ്രാമ–- ബ്ലോക്ക്‌–- ജില്ലാ തലങ്ങളിൽ പ്രകടനങ്ങളുമായി‌ തിങ്കളാഴ്‌ച മഹിളാകിസാൻ ദിവസ്‌ ആചരിക്കുമെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി എല്ലാ സംസ്ഥാനത്തെയും രാജ്‌ഭവനുകൾക്ക്‌ മുന്നിൽ മഹാധർണ സംഘടിപ്പിക്കും. കേരളത്തിൽ 23 മുതൽ 25 വരെയാണ്‌ മഹാധർണ. റിപ്പബ്ലിക് ദിനത്തിലെ ഔദ്യോഗിക പരേഡ്‌ അലങ്കോലപ്പെടുത്താൻ കർഷകസംഘടനകൾ ശ്രമിക്കുന്നതായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്‌. ഔദ്യോഗിക പരേഡ്‌ അവസാനിച്ചതിനു ശേഷമായിരിക്കും കിസാൻ പരേഡ്‌. ട്രേഡ്‌യൂണിയനുകളും വലിയതോതിൽ പരേഡിൽ പങ്കാളികളാകും. സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി പരേഡ്‌ മാറും–- ഹന്നൻ മൊള്ള പറഞ്ഞു.

കേന്ദ്രത്തെ തുറന്നുകാട്ടും:‌ കിസാൻസഭ
കർഷകസമരത്തിനെതിരായി ബിജെപി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടുമെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു. കിസാൻപരേഡ്‌ അടക്കമുള്ള സമരപരിപാടികളും അതിന്‌ ലഭിക്കുന്ന ജനപിന്തുണയും സർക്കാരിനുള്ള മറുപടിയാകും. കർഷകപ്രക്ഷോഭം സമാധാനപരമാണ്‌. തുടർന്നും അങ്ങനെയാകും. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും  പിന്തുണയാർജിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തും.

സ്ത്രീകളും പ്രായമായവരും സമരത്തിൽ പങ്കെടുക്കുന്നതിനെതിരായി വിമർശം ഉയർന്നിരുന്നു. സുപ്രീംകോടതി അടക്കം ഇത്‌ പരാമർശിച്ചു.തുല്യതയ്‌ക്കും സ്വാതന്ത്ര്യത്തിനുമുള്ള സ്‌ത്രീകളുടെ അവകാശങ്ങൾക്ക്‌ നേരായ ആക്രമണമാണിത്‌. ഇത്‌ തുറന്നുകാട്ടുംവിധമുള്ള മുദ്രാവാക്യം മഹിളാ കിസാൻ ദിവസ്‌ പരിപാടികളിൽ ഉയർത്തും. കർഷകപ്രശ്‌നത്തിന്‌ പരിഹാരം കാണാനുള്ള ഉത്തരവാദിത്തത്തിൽനിന്ന്‌ സുപ്രീംകോടതി വിധി അവസരമാക്കി ഒഴിഞ്ഞുമാറാനുള്ള മോഡി സർക്കാരിന്റെ നീക്കം അപലപനീയമാണ്‌.

ഹരിയാനയിലും പഞ്ചാബിലും മാത്രമാണ്‌ പ്രക്ഷോഭമെന്ന്‌ സുപ്രീംകോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചു. കേരളത്തിലും കർണാടകത്തിലും പ്രക്ഷോഭമില്ലെന്ന്‌ സർക്കാർ കോടതിയിൽ പറഞ്ഞു. ഡിസംബർ 14 മുതൽ കേരളത്തിൽ ജില്ലാതലങ്ങളിൽ പ്രതിഷേധം നടന്നുവരുന്നു. കേന്ദ്ര നിയമങ്ങൾക്കെതിരായി സംസ്ഥാന നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ഏക ബിജെപി അംഗംപോലും അതിനെ എതിർത്തില്ല. കർണാടകത്തിൽ നവംബർ 28ന്‌ ബന്ദ്‌ പൂർണമായിരുന്നു. ത്രിപുര, തമിഴ്‌നാട്‌, ആന്ധ്ര, തെലങ്കാന, ബിഹാർ, മധ്യപ്രദേശ്‌ തുടങ്ങി മറ്റെല്ലാ സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധം അരങ്ങേറി.

കേരളത്തിൽനിന്ന്‌ ആയിരത്തോളം കർഷകർ സമരത്തിൽ പങ്കെടുക്കാനായി വെള്ളിയാഴ്‌ച ഷാജഹാൻപ്പുരിൽ എത്തും. രാജസ്ഥാൻ, ഒഡിഷ, ആന്ധ്ര, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്‌, യുപി, ഛത്തിസ്‌ഗഢ്‌ , ജമ്മു–-കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം കർഷകർ ഡൽഹിയിൽ എത്തി. കർഷകസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്നും മറ്റുമുള്ള  ബിജെപി നുണപ്രചാരണങ്ങളെ തുറന്നുകാട്ടും‌–- ഹന്നൻ മൊള്ള പറഞ്ഞു. വിജു കൃഷ്‌ണൻ, പി കൃഷ്‌ണപ്രസാദ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top