17 June Monday

വിജയം കുറിച്ച‌് കിസാൻ ലോങ് മാർച്ച‌് ; കർഷകർക്കുമുന്നിൽ സർക്കാർ വഴങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

നാസിക‌് > വർഷങ്ങളായുള്ള ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചതോടെ   കർഷകരുടെ രണ്ടാം ലോങ്മാർച്ചിന‌് സമാപനം.  മന്ത്രി ഗിരീഷ‌് മഹാജനുമായി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾ നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയിൽ  ആവശ്യങ്ങൾ അംഗീകാരിക്കാമെന്ന‌്  സർക്കാർ രേഖാമൂലം എഴുതിനൽകിയതോടെയാണ‌് സമരം അവസാനിപ്പിച്ചത‌്. നാസിക്കിനടുത്ത‌് വിലോളിയിലാണ‌് ചർച്ച നടന്നത‌്. 

സമരം വിജയിച്ചതോടെ വില്ലോളിയിലെ വയലിൽ കർഷകർ സമാപന പൊതുയോഗം ചേർന്നു. ഡോ. അശോക‌് ധാവ‌്ളെ, ജെ പി ഗാവിദ‌് എന്നിവർ സംസാരിച്ചു.

പൊലീസിന്റെ അറസ്റ്റ‌് ഭീഷണിയുംതടയാനുള്ള ശ്രമവും അവഗണിച്ച‌്  വ്യാഴാഴ‌്ച രാവിലെ 9.30ന‌് നാസിക്കിലെ മുംബൈ നാക മൈതാനിയിൽനിന്ന‌ാണ‌് മാർച്ച‌് പ്രയാണമാരംഭിച്ചത‌്. പകൽ മൂന്നരയോടെയാണ‌് ഉച്ചഭക്ഷണത്തിനായി ജാഥ വിലോളിയിലെത്തിയത‌്. ബുധനാഴ‌്ച  മാർച്ച‌്  ഉദ‌്ഘാടനത്തിനുശേഷം രാത്രി മുംബൈ നാക മൈതാനിയിൽത്തന്നെ തങ്ങിയശേഷം വ്യാഴാഴ‌്ച രാവിലെ പ്രയാണമാരംഭിക്കുകയായിരുന്നു. 

മാർച്ചിനെത്തിയ കർഷകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ‌് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞവർഷം നടന്ന കിസാൻ ലോങ‌് മാർച്ചിനെത്തുടർന്ന‌് മഹാരാഷ‌്ട്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്നാണ‌് രണ്ടാം കിസാൻ മാർച്ച‌ുമായി കർഷകർ സമരരംഗത്തിറങ്ങിയത‌്.  വ്യാഴാഴ‌്ചയും മാർച്ച‌് തടയാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. മാർച്ച‌് ആരംഭിച്ച ഉടൻ മുംബൈ നാക മൈതാനിക്കുപുറത്തുവച്ച‌് മാർച്ച‌് തടയാൻ ശ്രമിച്ചു. പിന്നീട‌് മുംബൈ–-പുണെ ദേശീയ പാതയിൽ വിലോളിയിലും ബാരിക്കേഡുകളുയർത്തി മാർച്ച‌് തടയാൻ ശ്രമമുണ്ടായി. പിന്മാറില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെ പൊലീസ‌് ബാരിക്കേഡുകൾ മാറ്റി വഴിയൊരുക്കി. നാൽപ്പതിനായിരത്തിലേറെ കർഷകരാണ‌് ആദ്യദിനം മാർച്ചിൽ പങ്കെടുത്തത‌്.


പ്രധാന വാർത്തകൾ
 Top