18 June Tuesday

കര്‍ഷക പോരാളികള്‍ നടന്നുതുടങ്ങി, പിന്മടക്കമില്ലെന്ന ഉറച്ച മനസുമായി; രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

മുംബൈ > മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ രണ്ടാം കര്‍ഷക ലോങ് മാര്‍ച്ചിന് നാസിക്കില്‍ തുടക്കമായി. ഐതിഹാസികമായ നാസിക് കിസാന്‍ ലോങ് മാര്‍ച്ചിന്റെ ചുവടുപിടിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത് അണിനിരക്കുന്നത്.  ബുധനാഴ്ച രാത്രി എട്ടോടെ നാസിക്കിലെ ദിന്‍ദോരിയില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചു.

രാവിലെമുതല്‍തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ നാസിക്കിലെത്തി. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരെ പിന്നീട് വിട്ടയച്ചു. മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. അതിനാല്‍, തടയാനുള്ള സാധ്യത നിലനില്‍ക്കുന്നതായി നേതാക്കള്‍ പറഞ്ഞു. നാലുമണിക്ക്  ആരംഭിക്കേണ്ടിയിരുന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് രാത്രി എട്ടോടെയാണ്  ആരംഭിച്ചത്. എന്തുപ്രകോപനമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അധ്യക്ഷന്‍ അശോക് ധാവ്ള പറഞ്ഞു.

കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തത് ആണ് കര്‍ഷകരെ വീണ്ടും പോരാട്ട പാതയിലേക്ക് എത്തിച്ചത്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കും. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്-മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, സംസ്ഥാന സെക്രട്ടറി അജിത് നവാലെ, ജെ പി ഗാവിത്, അനില്‍ ബോസ്‌ലെ എംഎല്‍എ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.


പ്രധാന വാർത്തകൾ
 Top