നാസിക്ക്
ഉള്ളിക്കും പരുത്തിക്കും ന്യായവില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ നാസിക്കിൽനിന്ന് മുംബൈയിലേക്ക് ലോങ് മാർച്ച് ആരംഭിച്ചു. പതിനായിരത്തിൽപ്പരം കർഷകർ മാർച്ചിൽ പങ്കെടുക്കുന്നു. കഴിഞ്ഞ രാത്രി നാസിക് നഗരപ്രാന്തത്തിൽ കേന്ദ്രീകരിച്ചശേഷമാണ് രാവിലെ മാർച്ച് തുടങ്ങിയത്. നഗരത്തിൽ കടന്ന് ദിൻഡോരി ചൗക്കിൽ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ തുടങ്ങിയവ റോഡിൽ വലിച്ചെറിഞ്ഞ് കർഷകർ വിലയിടിവിൽ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചു. 2018ൽ കിസാൻസഭ സംഘടിപ്പിച്ച ലോങ്‌മാർച്ചിന്റെ ഉജ്വല വിജയത്തിന്റെ സ്‌മരണ കർഷകർക്ക് ആവേശമായി. അന്ന്, നാസിക്കിൽനിന്ന് മുംബൈ വരെ 200 കിലോമീറ്റർ നീണ്ട മാർച്ച് സർക്കാർ പൂർണമായി ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമാപിച്ചത്.
കാർഷിക കടാശ്വാസം പൂർണമായി നൽകുക, ദിവസം 12 മണിക്കൂർ വൈദ്യുതി ലഭ്യമാക്കുക, വൈദ്യുതി ബില്ലുകളിൽ ഇളവ്, കാലംതെറ്റി പെയ്‌ത മഴ വരുത്തിയ വിളനഷ്ടത്തിന് പരിഹാരം, ഭൂമി ഏറ്റെടുക്കുമ്പോൾ കേരള മാതൃകയിൽ നഷ്ടപരിഹാരം, ആദിവാസി സംവരണ തസ്‌തികകളിൽ യഥാർഥ ആദിവാസികൾക്ക് നിയമനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു.
സംസ്ഥാന മന്ത്രി ദാദാ ഭൂസെ കഴിഞ്ഞദിവസം കിസാൻസഭാ നേതാക്കളുമായി പ്രാഥമിക വട്ടം ചർച്ച നടത്തി. ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ച് ഉറപ്പുനൽകണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കിസാൻസഭാ പ്രതിനിധികളുമായി ചൊവ്വാഴ്‌ച നിയമസഭാ കോംപ്ലക്‌സിൽ ചർച്ച നടത്തും. കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജെ പി ഗവിത്, ഡോ. അജിത് നവലെ, ഉമേഷ് ദേശ്‌മുഖ്, ഡോ. ഉദയ് നർക്കർ, അഡ്വ. അജയ് ബുരാണ്ടെ, സുഭാഷ് ചൗധരി, സുഭാഷ് ചൗധരി, സിഐടിയു നേതാവ് ഡോ. ഡി ആർ കരാട്, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, ഇന്ദ്രജിത് ഗവിത് (ഡിവൈഎഫ്‌ഐ) എന്നിവർ മാർച്ചിന് നേതൃത്വം നൽകുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2018ൽ കിസാൻസഭ നാസിക്കിൽനിന്ന് മുംബൈവരെ 200 കിലോമീറ്റർ നീണ്ട മാർച്ച് നടത്തിയിരുന്നു. ആവശ്യങ്ങൾ സർക്കാർ പൂർണമായി അംഗീകരിക്കുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..