21 February Thursday

കണക്കുകൂട്ടൽ തെറ്റാതെ കേരളം; രാജ്യത്തെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഗണിത മികവിൽ കേരളം ഒന്നാമത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ന്യൂഡൽഹി> സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഗണിത മികവിൽ കേരളം ഒന്നാമതെന്ന‌് റിപ്പോർട്ട്. ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷണൽ ഇന്ത്യാ (2018) റിപ്പോർട്ട്‌  പ്രകാരമാണ‌്  ഗണിത മികവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന‌് 44.7 ശതമാനം മികവുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയത‌്. 596 ജില്ലകളെയും, 17730 വില്ലേജുകളെയും‌, 354,944 വീടുകൾ മൂന്നിനും പതിനാറിനും ഇടയിൽ പ്രായമുള്ള 546,527  കുട്ടികൾ എന്നിങ്ങനെയാണ‌് ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷണൽ ഇന്ത്യാ പഠനത്തിന‌് വിധേയമാക്കിയത‌്.

പഠനങ്ങൾ പ്രകാരം മൂന്നാം ക്ലാസ്സിൽ എത്തുമ്പോഴേക്കും കേരളത്തിലെ വിദ്യാർഥികളിൽ 44.7 ശതമാനം പേരും ഗണിതത്തിൽ മികവ് പുലർന്നുന്നുണ്ടെന്നാണ് കണ്ടെത്തിയത്. പഠന നിലവാരങ്ങൾ, പ്രത്യേകിച്ച് ഗവൺമെന്റ് സ്കൂളുകളിൽ 2016 മുതൽ ക്രമേണ വർധിച്ചുവെന്ന് റിപ്പോർട്ട് കണ്ടെത്തി. സർക്കാർ അവതരിപ്പിച്ച പൊതുവിദ്യാഭ്യാസ സരംക്ഷണ യജ്ഞം ഇതിന‌് പ്രചോദനമായി മാറിയെന്ന‌് റിപ്പോർട്ട‌് പറയുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത‌് മാതാപിതാക്കളെ തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂ‌ളുകളിൽ ചേർക്കാൻ കുടുതൽ താൽപ്പര്യപ്പെടാൻ കാരണമായെന്ന‌് ചൂണ്ടികാണിക്കുന്നു.

കേരളത്തിൽ, ഹയർസെക്കന്ററി വിഭാഗത്തിൽ സർക്കാർ സ്കൂളുകളിൽ വരുന്ന കുട്ടികളുടെ എണ്ണം സ്വകാര്യ സ്കൂളുകളേക്കാൾ ഉയരുന്നുണ്ട‌്. സ്വകാര്യ സ്കൂളുകളിൽ 34.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 58.5 ശതമാനം സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ എൻറോൾ ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിദ്യാലയങ്ങൾ പഠനേതര വിഷയങ്ങളിലും പുലർത്തുന്ന മികവാണ് വിദ്യാർഥികളെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാർഥികളായി മാറാൻ അവസരമൊരുക്കുന്നത്. മികച്ച ഉപദേശവും പല വിഷയങ്ങളിലുമുള്ള ബോധവൽകരണങ്ങളുമൊക്കെ വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് കരണമായെന്നാണ്  പഠനം സൂചിപ്പിക്കുന്നു. കേരള സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളൊക്കെ മികച്ചതാണെന്നും റിപ്പോർട്ടിലുണ്ട്. മറ്റ്‌ സംസഥാനങ്ങൾക്ക് മുന്നിൽ മാതൃകയാണ് കേരളം, വിദ്യാഭ്യാസ മേഖലയിലെ വളർച്ച സ്വപ്നതുല്യമാണെന്നും വിലയിരുത്തലുണ്ട്.


 


പ്രധാന വാർത്തകൾ
 Top