ഷാജഹാൻപ്പുർ
ചെങ്കൊടികൾ ഉയർത്തി, മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് കേരള കർഷകർ ഷാജഹാൻപ്പുരിലെ കർഷകസമര കേന്ദ്രത്തിലേക്ക് മാർച്ച് ചെയ്തടുത്തപ്പോൾ പ്രത്യഭിവാദ്യങ്ങൾ ഉയർന്നത് ഹിന്ദിയിൽ. നാലുദിവസംകൊണ്ട് റോഡുമാർഗം മൂവായിരത്തിലേറെ കിലോമീറ്റർ താണ്ടി കൊടുംതണുപ്പിൽ സമരമിരിക്കാൻ വന്ന കർഷകസംഘത്തിന്റെ അഞ്ഞൂറോളം വാളണ്ടിയര്‍മാരെ ഷാജഹാൻപ്പുരിലെ സമരഭടന്മാർ ഹൃദയംകൊണ്ട് സ്വീകരിച്ചു.
ജയ്പ്പുരിൽനിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട സംഘം 12 മണിയോടെ ഷാജഹാൻപ്പുരിലെത്തി. കർഷകസംഘം പ്രസിഡന്റ് കെ കെ രാഗേഷ് എംപിയും സെക്രട്ടറി കെ എൻ ബാലഗോപാലും നയിച്ചു. കിസാൻസഭ കേന്ദ്ര നേതാക്കളായ അമ്രാ റാം, വിജൂ കൃഷ്ണൻ, പി കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. യോഗത്തിൽ ജയ്കിസാൻ ആന്ദോളൻ നേതാവ് യോഗേന്ദ്ര യാദവ്, അമ്രാ റാം, കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, കെ സോമപ്രസാദ് എംപി തുടങ്ങിയവർ സംസാരിച്ചു.
കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ബസുകളിലും മറ്റ് വാഹനങ്ങളിലുമായാണ് കര്‍ഷകര്‍ എത്തിയത്. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് പുറപ്പെട്ട സംഘം വ്യാഴാഴ്ചയോടെ ഷാജഹാൻപ്പുരിൽ എത്താനായിരുന്നു പദ്ധതിയിട്ടത്. കർണാടക, മധ്യപ്രദേശ് തുടങ്ങി ബിജെപി സംസ്ഥാനങ്ങളിൽ പരിശോധനകളുടെയും മറ്റും പേരിൽ പൊലീസ് യാത്ര തടസ്സപ്പെടുത്തി. രണ്ട് ബാച്ചായി ആയിരത്തോളം കർഷകരെ ഡൽഹിയിലെത്തിക്കും. രണ്ടാം സംഘം വ്യാഴാഴ്ച പുറപ്പെടും. സമരം നീണ്ടാൽ കേരളത്തിൽനിന്ന് കൂടുതൽ കർഷകർ ഡൽഹിയിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..