28 January Tuesday

കത്വ കേസ്‌: ഗ്രാമത്തലവനും പൊലീസുകാരനുമടക്കം മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം; മൂന്ന്‌ പ്രതികൾക്ക്‌ അഞ്ച്‌ വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ന്യൂഡൽഹി
ജമ്മു കശ‌്മീരിലെ കഠ‌്‌‌വയിൽ ‌എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളിൽ  കൂട്ടബലാത്സംഗത്തിന‌് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ മൂന്ന‌് പ്രതികൾക്ക‌് ജീവപര്യന്തം. മറ്റ‌് മൂന്ന‌് പ്രതികൾക്ക‌് അഞ്ച‌് വർഷം തടവും പത്താൻകോട്ടിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 

സംഭവത്തിന്റെ സൂത്രധാരനും മുൻ റവന്യൂ ഉദ്യോഗസ്ഥനുമായ  സാഞ്‌ജീറാം, സ‌്പെഷ്യൽ പൊലീസ‌് ഉദ്യോഗസ്ഥൻ ദീപക് ഖജൂരിയ, സുഹൃത്ത‌് പർവേഷ‌്കുമാർ ദോഷി (മന്നു) എന്നിവർക്കാണ‌്  ജീവപര്യന്തം. കൊലപാതകത്തിന‌് ജീവപര്യന്തവും കൂട്ടബലാത്സംഗത്തിന‌് 25 വർഷവും മറ്റ‌് വകുപ്പുകളിൽ വ്യത്യസ‌്ത കാലയളവിലുള്ള തടവ‌ും അനുഭവിക്കണം.

പ്രതികളിൽനിന്നും നാലുലക്ഷം രൂപ കോഴ വാങ്ങി തെളിവുകൾ നശിപ്പിച്ച‌് കേസ‌് അട്ടിമറിക്കാൻ ശ്രമിച്ച സബ‌് ഇൻസ‌്പെക്ടർ ആനന്ദ‌് ദത്ത, ഹെഡ‌്കോൺസ‌്റ്റബിൾ തിലക‌്‌രാജ‌്, സ‌്പെഷ്യൽ പൊലീസ‌് ഉദ്യോഗസ്ഥൻ സുരേന്ദർ വർമ എന്നിവരെയാണ‌് അഞ്ച‌് വർഷം തടവിന‌് ശിക്ഷിച്ചത‌്. ആദ്യ മൂന്ന‌് പ്രതികൾക്ക‌് ഒരുലക്ഷം രൂപയും മറ്റ‌് പ്രതികൾക്ക‌് 50,000 രൂപയും വീതം പിഴയും പ്രിൻസിപ്പൽ സെഷൻസ‌് കോടതി ജഡ‌്ജി തേജ‌്‌വിന്ദർസിങ് ചുമത്തി.

ഏഴാമത്തെ പ്രതിയും സാഞ്‌ജീറാമിന്റെ മകനുമായ വിശാൽ ജൻഗോത്രയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. സംഭവം നടന്ന ദിവസങ്ങളിൽ മുസഫർനഗറിലെ കോളേജിൽ പരീക്ഷ എഴുതുകയായിരുന്നുവെന്ന വാദം അംഗീകരിച്ചാണ‌് നടപടി. സാഞ്‌ജീറാമിന്റെ അനന്തിരവൻ കേസിൽ പ്രതിയാണെങ്കിലും പ്രത്യേകകോടതി ഇയാളുടെ പങ്ക‌് പരിഗണിച്ചിരുന്നില്ല. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന‌് അവകാശപ്പെട്ടുള്ള ഇയാളുടെ ഹർജി ജമ്മു കശ‌്മീർ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ‌് കാരണം.

കുറ്റത്തിന്റെ നിഷ‌്ഠൂരസ്വഭാവം കണക്കിലെടുത്ത‌് മുഖ്യപ്രതികൾക്ക‌് വധശിക്ഷ തന്നെ നൽകണമെന്ന‌് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജെ കെ ചോപ്ര, എസ‌് എസ‌് ബാസ്ര, ഹർമിന്ദർ സിങ് എന്നിവർ വാദിച്ചു. വിധി പഠിച്ച ശേഷം അപ്പീൽ നൽകുന്നത‌് ഉൾപ്പടെ തുടർനടപടികൾ സ്വീകരിക്കുമെന്ന‌് അഭിഭാഷകർ പ്രതികരിച്ചു.

പത്താൻകോട്ടിലെ കോടതിയിൽ 2018 ജൂണിൽ തുടങ്ങിയ രഹസ്യവിചാരണ കഴിഞ്ഞ മൂന്നിനാണ‌് അവസാനിച്ചത‌്. 275 ദിവസം നീണ്ട മാരത്തൺ വിചാരണയിൽ 128 സാക്ഷികളെ വിസ‌്തരിച്ചു. ജമ്മുകശ‌്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ‌്ദുള്ള, മെഹ‌്ബൂബമുഫ‌്തി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ‌്‌രിവാൾ തുടങ്ങിയവർ വിധിയെ സ്വാഗതം ചെയ‌്തു. പ്രതികൾക്ക‌് വധശിക്ഷയാണ‌് പ്രതീക്ഷിച്ചിരുന്നതെന്ന‌് ദേശീയ വനിതാകമീഷൻ ചെയർപേഴ‌്സൺ രേഖാ ശർമ പ്രതികരിച്ചു.

രാജ്യത്തെ നടുക്കിയ കൊടുംക്രൂരത
മുസ്ലീം നാടോടി വിഭാഗത്തിൽപ്പെട്ട എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന‌് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധത്തിന‌് ഇടയാക്കിയിരുന്നു. ഒരാഴ‌്ചയോളം കഠ‌്‌വയിലെ ക്ഷേത്രത്തിൽ ബന്ദിയാക്കിയ പെൺകുട്ടിയെ ഉറക്കഗുളിക നൽകി ബോധരഹിതയാക്കി പലവട്ടം പീഡിപ്പിച്ചു. ശ്വാസംമുട്ടിച്ചും തലയിൽ കല്ല‌് കൊണ്ടിടിച്ചുമാണ‌് കൊലപ്പെടുത്തിയത‌്.

ജനുവരി 17ന‌് വനത്തിൽ നിന്നാണ‌് ഛിന്നഭിന്നമായ മൃതദേഹം കണ്ടെടുത്തത‌്. കഠ‌്‌വയിലെ റസാന മേഖലയിൽ കുതിരകളെ മേയ‌്ച്ച‌് ഉപജീവനം നടത്തിയിരുന്ന ബക്കർവാൾ സമുദായത്തെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് സാഞ്‌ജീറാം ക്രൂരകൃത്യം ആസൂത്രണം ചെയ‌്തതെന്നാണ‌് കുറ്റപത്രത്തിൽ പറയുന്നത‌്. ദീപക‌് ഖജൂരിയയും സാഞ്‌ജീറാമിന്റെ അനന്തരവനും പർവേഷ‌്കുമാറും ചേർന്ന‌് തട്ടിക്കൊണ്ടുവന്ന കുട്ടിയെ ക്ഷേത്രത്തിന്റെ ദേവിസ്ഥാനത്തിന‌് സമീപമാണ‌് ഒളിപ്പിച്ചിരുന്നത‌്.പൂജാരിയും നടത്തിപ്പുകാരനുമായ സാഞ്‌ജീറാമിന്റെ നിർദേശപ്രകാരമായിരുന്നു ഇത‌്. പ്രതികളെ കേസിൽ നിന്നും രക്ഷിച്ചെടുക്കാൻ കശ‌്മീരിലെ ബിജെപി മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തിറങ്ങിയിരുന്നു.


പ്രധാന വാർത്തകൾ
 Top