19 October Saturday

കശ്‌മീർ ശാന്തമല്ല; ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2019

ന്യൂഡൽഹി > ജമ്മു കശ്‌മീർ ശാന്തമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള അധികൃതരുടെ നീക്കം തിരിച്ചടിയായേക്കുമെന്ന്‌ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്‌. ഇത്തരം നീക്കം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ്‌ സുരക്ഷാവിഭാഗത്തിലും സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

പല സ്ഥലങ്ങളിലും വ്യാപാരികൾ സ്വമേധയാ കട തുറക്കാൻ  തയ്യാറല്ല.സ്വന്തംനിലയ്‌ക്ക്‌ അവർ ഉപരോധം ഏർപ്പെടുത്തുന്നു. മരണവീടുകളിൽ പോലും കരച്ചിലുകളില്ല. അവഹേളനങ്ങളും അടിച്ചമർത്തലുകളും സഹിച്ച ജനക്കൂട്ടം എന്തും നേരിടാൻ തയ്യാറായത്‌ പോലെയാണ്‌ തോന്നുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രണ്ടുമാസം കഴിഞ്ഞിട്ടും തുടരുകയാണ്‌. മൊബൈൽ, ഇന്റർനെറ്റ്‌ ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നിട്ടില്ല. പൊലീസുകാരും ഉദ്യോഗസ്ഥരും കുട്ടികളെ സ്‌കൂളുകളിൽ വിടുന്നില്ല.

നൂറുകണക്കിനാളുകൾ തടവിലാണ്‌. വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം നീക്കിയെങ്കിലും ആരും താഴ്‌വര സന്ദർശിക്കുന്നില്ല. 24ന്‌ നടക്കുന്ന ബ്ലോക്ക്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്‌ ബിജെപി ഒഴിച്ചുള്ള എല്ലാ പാർടികളും പ്രഖ്യാപിച്ചു. വീട്ടുതടങ്കലിലുള്ള  മുൻമുഖ്യമന്ത്രി ഫറൂഖ്‌ അബ്‌ദുള്ളയെ സന്ദർശിക്കാൻ നാഷണൽ കോൺഫ്രൻസ്‌ നേതാക്കൾക്ക്‌ അവസരം നൽകിയെങ്കിലും ഇത്‌ ഫോട്ടോഷൂട്ട്‌ മാത്രമായി മാറി. ഗവർണർ അനുമതി നൽകിയെങ്കിലും പാർടി നേതാക്കളെ കാണേണ്ടതില്ലെന്ന്‌ പിഡിപി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തി തീരുമാനിച്ചു.
ക്രമസമാധാനനില നിയന്ത്രണവിധേയമാണെന്ന്‌ മാത്രമാണ്‌ ഡിജിപി ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നത്‌. സാഹചര്യം ശാന്തമായെന്ന്‌ അവർ അവകാശപ്പെടുന്നില്ല. നിയന്ത്രണങ്ങൾ എത്രകാലം തുടരുമെന്നതിൽ വ്യക്തതയില്ല.


പ്രധാന വാർത്തകൾ
 Top