17 September Tuesday

കശ്‌മീരിൽ വീണ്ടും നിയന്ത്രണം; 4000 പേർ തടങ്കലിൽ

സ്വന്തം ലേഖകൻUpdated: Monday Aug 19, 2019

ന്യൂഡൽഹി > കശ്‌മീരിൽ പലയിടത്തും സംഘർഷം തുടരുന്നതിനാൽ ശ്രീനഗറിലും താഴ്‌വരയിലും നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കി. ശനിയാഴ്‌ച നിയന്ത്രണങ്ങളിൽ ചെറിയ അയവുവരുത്തിയപ്പോൾ പ്രതിഷേധപ്രകടനങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായി. ജമ്മുവിലെ അഞ്ചു ജില്ലയിൽ ശനിയാഴ്‌ചമുതൽ അനുവദിച്ച 2ജി മൊബൈൽ സേവനവും പൂർണമായും പിൻവലിച്ചു. അതിനിടെ കശ്‌മീൽ രാഷ്‌ട്രീയ പ്രവർത്തകർ നാലായിരത്തോളം പേർ തടങ്കലിലാണെന്ന്‌ ഒരു മജിസ്‌ട്രേറ്റ്‌ വെളിപ്പെടുത്തിെയതായി എഎഫ്‌പി റിപ്പോർട്ടു ചെയ്‌തു. ജയിലുകൾ നിറഞ്ഞതിനാൽ ഇവരെ മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക്‌ മാറ്റിയതായും വാർത്താ ഏജൻസി വെളിപ്പെടുത്തി.

ജമ്മു–-കശ്‌മീരിൽനിന്ന്‌ ഹജ്ജിനു പോയ 300 പേർ ഞായറാഴ്‌ച ശ്രീനഗറിൽ മടങ്ങിയെത്തി. സൗദിയിൽനിന്ന്‌ രാവിലെയുള്ള വിമാനത്തിലെത്തിയ ഹാജിമാരെ സുരക്ഷിതമായി വീടുകളിലേക്ക്‌ എത്തിക്കാൻ സൗകര്യമൊരുക്കിയതായി അധികൃതർ അറിയിച്ചു. സ്‌റ്റേറ്റ്‌ റോഡ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷന്റെ ബസുകളാണ്‌ ഇതിന്‌ ഒരുക്കിയത്‌. നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തിയതിനു പിന്നാലെ ശനിയാഴ്‌ച  12 ഓളം സ്ഥലത്ത്‌ പ്രശ്‌നങ്ങളുണ്ടായതായി അധികൃതർ അറിയിച്ചു. നിരവധിപേർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. ശ്രീനഗറിൽ റോഡുകളിലെ ബാരിക്കേഡുകളും മറ്റുംതുടരുകയാണ്‌. നിരത്തുകളിൽ തിരക്ക്‌ കുറവാണ്‌. കടകൾ അടഞ്ഞു.

തിരിച്ചറിയൽ ഉറപ്പുവരുത്തിയശേഷമാണ്‌ ആളുകളെ നീങ്ങാൻ അനുവദിക്കുന്നത്‌. തിങ്കളാഴ്‌ച സ്‌കൂളുകളും ഓഫീസുകളും തുറക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും അവ്യക്തതയുണ്ട്‌. 35 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തിയിരുന്നത്‌. ആറിടത്ത്‌ പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടിയതായി സർക്കാർ വക്താവ്‌ രോഹിത്‌ കൻസാൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top