21 August Wednesday

കശ്‌മീർ വീഡിയോ പ്രദർശനത്തിന്‌ ഡൽഹിയിൽ അനുമതി നിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
ന്യൂഡൽഹി > കശ്‌മീർ സന്ദർശിച്ച്‌ തയാറാക്കിയ വീഡിയോ പ്രദർശിപ്പിക്കാൻ ഡൽഹി പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ അനുമതി നിഷേധിച്ചെന്ന്‌ വസ്‌താന്വേഷണസംഘം. തങ്ങൾ കടുത്ത സമ്മർദ്ദത്തിലും നിരീക്ഷണത്തിലുമാണെന്നും വീഡിയോ പ്രദർശിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്നും പ്രസ്‌ക്ലബ്‌ ഭാരവാഹികൾ പറഞ്ഞെന്ന്‌ സംഘാംഗമായ കവിതാ കൃഷ്‌ണൻ പറഞ്ഞു. വാർത്തകൾ പുറത്തുവരാതിരിക്കാൻ കേന്ദ്രസർക്കാർ കശ്‌മീരിലെ മാധ്യമങ്ങളെ വരിഞ്ഞുകെട്ടിയിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച്‌ യഥാർത്ഥ്യം പുറത്തുവിടാൻ പ്രസ്‌ക്ലബ്‌ ഓഫ്‌ ഇന്ത്യക്കു കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കുകഴിയുമെന്ന്‌ കവിതാ കൃഷ്‌ണൻ ചോദിച്ചു. കശ്‌മീരിലെ പ്രതിഷേധങ്ങൾ പുറത്തുവരാതിരിക്കാൻ കേന്ദ്രം ഡൽഹിയിലും നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും സംഘാംഗങ്ങൾ പറഞ്ഞു.
 
ശ്രീനഗർ നഗരത്തിനുള്ളിലെ തെരഞ്ഞെടുത്ത മേഖലയിൽ ഇടയ്‌ക്ക്‌ നിയന്ത്രണങ്ങൾ ഇളവുവരുത്തുന്നത്‌ ചിത്രീകരിച്ചാണ്‌ സ്ഥിതിഗതികൾ ശാന്തമെന്ന്‌ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഇന്റർനെറ്റില്ലാത്തതിനാൽ പത്രങ്ങൾക്ക്‌ വിവിരങ്ങൾ ശേഖരിക്കാനാകുന്നില്ല. കർഫ്യൂവിനുകീഴിലുള്ള നഗരങ്ങളുടെ ചിത്രങ്ങൾ നൽകിയ പത്രഓഫീസുകളിൽ സിആർപിഎഫ്‌ ഉദ്യോഗസ്ഥർ എത്തി അന്വേഷണം നടത്തി. സൗറയിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച്‌ വാർത്തകളിൽ പരാമർശിച്ച പത്രങ്ങളെ അധികൃതർ ഭീഷണിപ്പെടുത്തി. കശ്‌മീരി ടിവി ചാനലുകൾ പൂർണ്ണമായും പ്രവർത്തനം നിർത്തി. വിദേശമാധ്യമങ്ങളെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നില്ലെന്ന്‌ മാധ്യമപ്രവർത്തകർ പറഞ്ഞതായി സംഘാംഗങ്ങൾ വെളിപ്പെടുത്തി. ഇന്റർനെറ്റില്ലാതെ മാധ്യമങ്ങളുടെ കേന്ദ്രഓഫീസിൽ ബന്ധപ്പെടാനും ഇവർക്കാകുന്നില്ല.

ആഗസ്‌ത്‌ 13ന്‌ എത്തിയപ്പോൾ ശ്രീനഗറിൽ വിവിധ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണെന്ന്‌ കശ്‌മീർ സന്ദർശിച്ച മൈമുനമൊള്ള പറഞ്ഞു. ആളുകളൊഴിഞ്ഞ പ്രദേശത്ത്‌ ചില മാധ്യമപ്രവർത്തകരും സിഐഡികളുംമാത്രമാണുള്ളത്‌. ന്യൂസ്‌പ്രിന്റുകൾ തീരുന്നതോടെ 17ഓടെ പത്രങ്ങൾ പൂർണ്ണമായും അച്ചടിനിർത്തുമെന്ന്‌ മാധ്യമപ്രവർത്തകർ പറഞ്ഞു. ഡൽഹിയിൽനിന്ന്‌ ന്യൂസ്‌പ്രിന്റുകൾ ലഭിക്കുന്നില്ല. ഗ്രേറ്റർ കശ്‌മീർ പത്രം നാലുപേജിലാണ്‌ ഇറങ്ങിയത്‌. ആദ്യപേജിൽ വാർത്തകളും അവസാനപേജിൽ കായിക വാർത്തകളും. രണ്ട്‌ ഉൾപ്പേജുകളിൽ കല്ല്യാണങ്ങൾ മാറ്റിവെച്ചതിന്റെ പരസ്യങ്ങളാണ്‌. ശ്രീനഗറിന്‌ പുറത്ത്‌ ഗ്രമങ്ങളിലൊന്നിലും മാധ്യമപ്രവർത്തകർ  എത്തിയിട്ടില്ലെന്ന്‌ മൈമമുനമൊള്ള പറഞ്ഞു.

പ്രധാന വാർത്തകൾ
 Top