Deshabhimani

ജമ്മു കശ്‌മീർ : ജൂലൈയിൽ മാത്രം 12 സൈനികർക്ക്‌ വീരമൃത്യു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:30 AM | 0 min read


ന്യൂഡൽഹി
ജമ്മു -കശ്‌മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാവുകയാണ്‌ കുപ്‌വാരയിൽ കഴിഞ്ഞ ദിവസമുണ്ടായ നുഴഞ്ഞുകയറ്റ നീക്കം. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സുരക്ഷാഭടൻ വീരമൃത്യു വരിച്ചു. ജൂലൈയിൽ മാത്രം ഒരു ഓഫീസറടക്കം 12 സുരക്ഷാഭടൻമാർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഭീകരത അവസാനിച്ചുവെന്ന  കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ ആവർത്തിച്ചു വ്യക്തമാക്കുന്ന സംഭവങ്ങളാണിവയെല്ലാം.

കുപ്‌വാരയിലെ മാച്ചിൽ മേഖലയിൽ നിയന്ത്രണരേഖയോട്‌ ചേർന്ന്‌ ശനിയാഴ്‌ച പാകിസ്ഥാനിൽനിന്ന്‌ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ നീക്കം പ്രതിരോധിക്കാൻ സൈന്യത്തിനായി. ഒരു മേജറിനും നാല്‌ സൈനികർക്കും പരിക്കുണ്ട്‌. പാക്കിസ്ഥാൻകാരനായ  ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീമിന്റെ (ബാറ്റ്‌) കൂടി പിന്തുണയോടെയായിരുന്നു ജമ്മു -കശ്‌മീരിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം. വെടിനിർത്തൽ ലംഘിച്ച്‌ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്‌റ്റിന്‌ നേർക്ക്‌ വെടിയുതിർക്കുകയായിരുന്നു. ഭീകരർക്ക്‌ നുഴഞ്ഞുകയറാൻ അവസരമൊരുക്കുന്നതിനായിരുന്നു വെടിവയ്‌പ്പ്‌. ജമ്മു മേഖലയിൽ മാത്രം അമ്പതോളം ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്‌ ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ.



deshabhimani section

Related News

0 comments
Sort by

Home