18 February Tuesday

കശ്‌മീരില്‍ പ്രതിപക്ഷ നേതാക്കളെ മടക്കി അയച്ചു

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

ന്യൂഡൽഹി > ജമ്മു -കശ്‌മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷപാർടി നേതാക്കളെ മാധ്യമങ്ങളെ കാണാന്‍പോലും അനുവദിക്കാതെ അധികൃതർ മടക്കിഅയച്ചു. ജമ്മു -കശ്‌മീരിലെ സാഹചര്യം നേരിട്ട്‌ മനസ്സിലാക്കാനെത്തിയ നേതാക്കളെ ശ്രീനഗർ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. പ്രതിഷേധം അവ​ഗണിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. പ്രതിപക്ഷ സംഘത്തോടൊപ്പം ഉണ്ടായിരുന്ന മാധ്യമപ്രവർത്തകര്‍ക്ക് പൊലീസ് മര്‍ദനമേറ്റു. ജമ്മു -കശ്‌മീരിലെ സ്ഥിതിഗതികൾ സാധാരണമല്ലെന്ന് പൊലീസ് നീക്കം തെളിയിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ്‌ നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശർമ, കെ സി വേണുഗോപാൽ, ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ, എൽജെഡി നേതാവ്‌ ശരദ്‌ യാദവ്‌ എന്നിവരടക്കം 12 നേതാക്കളെയാണ്‌ ശനിയാഴ്‌ച വൈകിട്ട്‌ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞത്‌. എംപിമാരായ മനോജ്‌ ഝാ (ആർജെഡി), മജീദ്‌ മേമൻ (എൻസിപി), ഡി കുപേന്ദ്ര റെഡ്ഡി (ജെഡിഎസ്‌) എന്നിവരും ദിനേശ്‌ ത്രിവേദി (തൃണമൂൽ കോൺഗ്രസ്‌)യും സംഘത്തിലുണ്ടായിരുന്നു.

വാർത്താവിനിമയ സൗകര്യങ്ങളും സ്വതന്ത്ര സഞ്ചാരവും ജമ്മു കശ്മീരില്‍ തടഞ്ഞിരിക്കുകയാണ്‌. മാധ്യമസ്വാതന്ത്ര്യവും പരിമിതം. പ്രത്യേക അവകാശം എടുത്തുകളഞ്ഞ് വിഭജിച്ചതിനു പിന്നാലെ വന്‍ സൈനിക സംഘത്തെയാണ് കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.

ജമ്മു കശ്‌മീർ സന്ദർശിക്കാൻ ഗവർണർ സത്യപാൽ മലിക്‌ നേരത്തെ പ്രതിപക്ഷത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനം കശ്മീരിനെ അശാന്തമാക്കുമെന്നാണ് പൊലീസിന്റെ വാദം. ശ്രീനഗറിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ ജില്ലാ മജിസ്‌ട്രേട്ടിന്‌ കത്ത്‌ നൽകി.  ഉത്തരവാദിത്തമുള്ള രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളുമെന്ന നിലയില്‍ ജമ്മു -കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രക്രിയക്ക്‌ വേഗം കൂട്ടാനുമാണ്‌ ശ്രമിച്ചത്‌– -കത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശം  അടിച്ചമര്‍ത്തിയിരിക്കുകയാണ്. കശ്മീരില്‍  കേന്ദ്രം പലതും മറച്ചുവയ്ക്കുകയാണെന്നും ഡല്‍ഹിയിലെത്തിയ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സീതാറാം യെച്ചൂരിയെയും ഡി രാജയെയും  രണ്ടാംതവണയാണ്‌ ശ്രീനഗർ വിമാനത്താവളത്തിൽ തടയുന്നത്‌. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയുടെ സ്ഥിതി അന്വേഷിക്കാനെത്തിയ ഇരുവരെയും ഈ മാസം ഒമ്പതിനാണ് ആദ്യം തടഞ്ഞത്. ഗുലാം നബി ആസാദിനെയും നേരത്തെ രണ്ടുതവണ ശ്രീനഗറിൽനിന്ന്‌ തിരിച്ചയച്ചു. തരിഗാമിക്കു പുറമേ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്‌ബൂബ മുഫ്‌തി എന്നിവരടക്കം രണ്ടായിരത്തോളം പേർ തടങ്കലിലാണ്‌. ആഗസ്‌ത്‌ അഞ്ചുമുതൽ ഇവരെക്കുറിച്ച്‌ വിവരമൊന്നുമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top