20 November Wednesday

കശ്‌മീരിൽ വീണ്ടും മൊബൈൽ സേവനം

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2019

ന്യൂഡൽഹി
കശ്മീരിൽ 72 ദിവസത്തെ ഇടവേളയ്‌ക്കുശേഷം മൊബൈൽ ഫോണുകൾ  പ്രവർത്തിച്ചു തുടങ്ങി. നാൽപ്പത്‌ ലക്ഷത്തോളം പോസ്‌റ്റ്‌പെയ്‌ഡ്‌ മൊബൈൽ കണക്‌ഷനാണ്‌ തിങ്കളാഴ്‌ച ഉച്ചയോടെ പുനഃസ്ഥാപിച്ചത്‌. 20 ലക്ഷത്തോളം വരുന്ന പ്രീപെയ്‌ഡ്‌ കണക്‌ഷനും ഇന്റർനെറ്റും ലഭ്യമല്ല. തിങ്കളാഴ്‌ച മുതൽ പോസ്‌റ്റ്‌പെയ്‌ഡ്‌ മൊബൈലുകൾ പ്രവർത്തിച്ചുതുടങ്ങുമെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത്‌ കൻസൽ ശനിയാഴ്‌ച അറിയിച്ചിരുന്നു. ജമ്മു–-കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ആഗസ്‌ത്‌ അഞ്ചുമുതലാണ് ഇന്റർനെറ്റ്‌–- ടെലിഫോൺ ബന്ധം എടുത്തുകളഞ്ഞത്‌. ലാൻഡ്‌ലൈനുകളടക്കം മുടങ്ങി.

ജമ്മുവിൽ ഫോൺ–- ഇന്റർനെറ്റ്‌ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഭീകരാക്രമണങ്ങൾ ഭയന്ന്‌ നിയന്ത്രണം തുടർന്നു.
സെപ്‌തംബർ നാല്‌ മുതൽ ലാൻഡ്‌ലൈനുകൾ പ്രവർത്തിച്ചു.  മൊബൈൽഫോൺ നിയന്ത്രണം വലിയ ബുദ്ധിമുട്ടായി. ആപ്പിൾകൃഷി, ടൂറിസം മേഖലകൾക്കും കനത്ത തിരിച്ചടിയായി.

പോസ്‌റ്റ്‌പെയ്‌ഡ്‌ മൊബൈൽ കണക്‌ഷനുകൾ പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ സുരക്ഷാസേന നിരീക്ഷണം ശക്തിപ്പെടുത്തി. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന്‌ ഡിജിപി ദിൽബാഗ്‌ സിങ്‌ അറിയിച്ചു. ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മൊബൈൽഫോണുകൾ ദുരുപയോഗിക്കുമോയെന്ന ആശങ്കയാണ്‌ സുരക്ഷാസേനയ്‌ക്കുള്ളത്‌. ശ്രീനഗറിലടക്കം ഗ്രനേഡ്‌ ആക്രമണങ്ങൾ നടന്നു.
ശ്രീനഗറിലടക്കം കടകമ്പോളങ്ങൾ അടഞ്ഞ നിലയിലാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾ  പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. വ്യാപാരികൾ കടകൾ തുറക്കണമെന്ന്‌ അഭ്യർഥിച്ച്‌ ജമ്മു–-കശ്‌മീർ ഭരണാധികാരികൾ പത്രപരസ്യം നൽകി. കട തുറക്കാൻ സൈന്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആക്രമണങ്ങൾ ഭയന്ന്‌ ആരും തയ്യാറായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top