12 November Tuesday

മിണ്ടരുത്: കാശ്മീര്‍ മോചനത്തിന് വ്യവസ്ഥ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

ന്യൂഡൽഹി> ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടാക്കിയതോടെ തടങ്കലിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കടണമെങ്കിൽ ഭരണഘടനയുടെ 370–-ാം വകുപ്പടക്കമുള്ള സമകാലിക സംഭവങ്ങളെക്കുറിച്ച്‌ ഒരുവര്‍ഷത്തേക്ക് ഒന്നും മിണ്ടില്ലെന്ന ബോണ്ടില്‍ ഒപ്പിട്ടുനല്‍കണം. ബോണ്ടില്‍ ഒപ്പിട്ടുവാങ്ങിയശേഷമാണ് അറസ്റ്റിലായ നൂറുകണക്കിനു നേതാക്കളില്‍ ചിലരെ അടുത്തിടെ വിട്ടയച്ചത്. കശ്മീര്‍ വിഭജനം അടക്കം താഴ്‌വരയിലെ സമകാലിക സംഭവങ്ങളെക്കുറിച്ച്‌  പ്രസ്‌താവനയോ പ്രസംഗമോ പ്രചാരണമോ നടത്തില്ലെന്നാണ് ബോണ്ടിലുള്ളത്.

പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്‌. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്‌ കശ്മീരിലെ സമാധാനവും ശാന്തിയും അപകടത്തിലാക്കുമെന്നാണ് ബോണ്ടിൽ പറയുന്നത്‌. വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പിൽ 10,000 രൂപ മുൻകൂർ കെട്ടിവയ്‌ക്കണം. വ്യവസ്ഥ ലംഘിച്ചാൽ 40,000 രൂപ  പിഴയൊടുക്കണം. ക്രിമിനൽ നടപടിച്ചട്ടം 117–-ാം വകുപ്പുപ്രകാരമാണ്‌ ബോണ്ട്‌ തയ്യാറാക്കിയത്‌.

വിട്ടയക്കപ്പെടുന്ന തടവുകാർ ഒരു വർഷത്തേക്കാണ്‌ ബോണ്ടിലെ വ്യവസ്ഥകൾ പാലിക്കേണ്ടത്‌. കശ്‌മീരിൽ പൂർണമായും സമാധാനസ്ഥിതിയാണെന്നും ഒരുവിധ നിയന്ത്രണവുമില്ലെന്നും ആഭ്യന്തരമന്ത്രി അമിത്‌ ഷാ അടക്കമുള്ളവർ അവകാശപ്പെടുമ്പോഴാണ്‌ ബ്രിട്ടീഷ്‌ കാലത്തേതിനു സമാനമായി രാഷ്ട്രീയ തടവുകാർക്ക്‌ മോചനം ലഭിക്കാൻ പ്രത്യേക വ്യവസ്ഥകളോടുകൂടിയ ബോണ്ട്‌ സർക്കാർ തയ്യാറാക്കുന്നത്‌.
പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്ന്‌ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി തുടങ്ങി നൂറുകണക്കിന്‌ രാഷ്ട്രീയ നേതാക്കളെയാണ്‌ തടങ്കലിലാക്കിയിരിക്കുന്നത്‌.

കശ്‌മീരിലെ കേന്ദ്ര നടപടിക്കെതിരായി ശ്രീനഗറിൽ പ്രതിഷേധിച്ചെന്ന കുറ്റത്തിന്‌ ഫാറൂഖിന്റെ സഹോദരിയും മകളുമടക്കമുള്ള നിരവധി വനിതകളെ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ജയിലിൽ അടച്ചു.


പ്രധാന വാർത്തകൾ
 Top