15 November Friday

പാകിസ്ഥാന്‌ ഇന്ത്യയുടെ മറുപടി; കശ്‌മീരിൽ വിദേശ- ഇടപെടൽ വച്ചുപൊറുപ്പിക്കില്ല

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ന്യൂഡൽഹി > ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കമീഷനിൽ (യുഎൻഎച്ച്‌ആർസി) കശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾക്ക്‌ മറുപടി നൽകി ഇന്ത്യ. ജമ്മു കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും വിദേശശക്തികളുടെ ഇടപെടൽ വച്ചുപൊറുപ്പിക്കില്ലെന്നും യുഎൻഎച്ച്‌ആർസിയിൽ ഇന്ത്യ വ്യക്തമാക്കി. കശ്‌മീർവിഷയത്തിൽ ഇടപെടണമെന്നും അന്താരാഷ്ട്ര അന്വേഷണം വേണമെന്നും നേരത്തെ പാകിസ്ഥാൻ യുഎൻഎച്ച്‌ആർസിയിൽ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ വിദേശമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷിയാണ്‌ ഇന്ത്യക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത്‌.
വിദേശമന്ത്രാലയത്തിൽ കിഴക്കൻമേഖലയുടെ ചുമതലയുള്ള സെക്രട്ടറി വിജയ്‌ ഠാക്കൂർ സിങ്ങാണ്‌ പാകിസ്ഥാന്റെ ആരോപണങ്ങൾക്ക്‌ ഇന്ത്യക്കായി മറുപടി നൽകിയത്‌. കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യൻ നടപടി ഒരു പരമാധികാര തീരുമാനമാണെന്ന്‌ വിജയ്‌ ഠാക്കൂർ സിങ്‌ പറഞ്ഞു. പുരോഗമനപരമായ നയങ്ങൾ സ്വീകരിച്ച്‌ സാമൂഹ്യ–- സാമ്പത്തിക തുല്യതയും നീതിയും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ്‌  സർക്കാർ സ്വീകരിക്കുന്നത്‌. ഈ ആനുകൂല്യം ജമ്മു -കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക്‌  ലഭ്യമാകും. ലിംഗവിവേചനം അവസാനിക്കും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. വിദ്യാഭ്യാസ അവകാശം, വിവരാവകാശം, തൊഴിലിനുള്ള അവകാശം എന്നിവ നിലവിൽ വരും.

കശ്‌മീർവിഷയത്തിൽ ചിലർ ഉയർത്തുന്നത്‌ കെട്ടിച്ചമച്ച ആരോപണങ്ങളാണ്‌. ആഗോള ഭീകരതയുടെ കേന്ദ്രത്തിൽനിന്ന്‌ ഭരണകൂട പിന്തുണയോടെയുള്ള തീവ്രവാദം ലോകത്തെയും ഇന്ത്യയെയും വലിയതോതിൽ ബാധിച്ചിട്ടുണ്ട്‌.  ഭീകരതയ്‌ക്കെതിരായി കടുത്ത നടപടികൾ കൂട്ടായി എടുക്കേണ്ട ഘട്ടമാണിത്–- വിജയ്‌ ഠാക്കൂർ സിങ്‌ പറഞ്ഞു.

നേരത്തെ യുഎൻഎച്ച്‌ആർസിയിൽ സംസാരിച്ച പാക്‌ വിദേശമന്ത്രി കശ്‌മീർ വിഷയത്തിൽ ഇടപെടൽ അഭ്യർഥിച്ചു. കശ്‌മീരിലെ സാഹചര്യങ്ങളെക്കുറിച്ച്‌ യുഎൻഎച്ച്‌ആർസി ഒരു അന്താരാഷ്ട്ര അന്വേഷണത്തിന്‌ തയ്യാറാകണം. കശ്‌മീരിലെ ജനങ്ങൾക്ക്‌ നീതി ഉറപ്പാക്കണം. പെല്ലറ്റ്‌ തോക്കുകളുടെ പ്രയോഗം അവസാനിപ്പിക്കാനും കർഫ്യൂ പിൻവലിക്കാനും അടച്ചുപൂട്ടൽ അവസാനിപ്പിക്കാനും വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും ഇന്ത്യയോട്‌ ആവശ്യപ്പെടണം. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top