16 September Monday

നിയന്ത്രണം പിൻവലിച്ചുതുടങ്ങി: കടകൾ അടഞ്ഞുതന്നെ

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019

ന്യൂഡൽഹി 

പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്‌ ജമ്മു- കശ്‌മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. 96 ടെലഫോൺ എക്‌സ്‌ചേഞ്ചിൽ 17 എണ്ണം പ്രവർത്തിച്ചുതുടങ്ങി. അമ്പതിനായിരത്തോളം ലാൻഡ്‌ലൈനുകൾ സജ്ജമായെന്ന്‌ അധികൃതർ അറിയിച്ചു. ജമ്മു, കഠ്‌വ, സാംബ, ഉധംപുർ, റിയാസി ജില്ലകളിൽ വേഗത കുറഞ്ഞ 2ജി ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കി. ശ്രീനഗറിലടക്കം കശ്‌മീരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്‌. നിരത്തുകളിൽ വാഹനവും കുറവാണ്‌. ഭൂരിഭാഗം പെട്രോൾ പമ്പുകളും പൂട്ടിക്കിടക്കുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ കശ്‌മീരിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ചയും ജനം പ്രതിഷേധിച്ചു. നഗരമധ്യത്തിൽ പ്രതിഷേധിക്കാനുള്ള ശ്രമം സൈന്യം തടഞ്ഞു.

പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്‌ത്‌ അഞ്ചുമുതൽ കശ്‌മീർ താഴ്‌വര കടുത്ത നിയന്ത്രണത്തിലാണ്‌. ഭൂരിഭാഗം മേഖലയിലും ഇപ്പോഴും ലാൻഡ്‌ലൈൻ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. 35 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ മാത്രമാണ്‌ നിയന്ത്രണങ്ങളിൽ അൽപ്പം ഇളവ്‌ വരുത്തിയത്‌.
സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനാൽ ജീവനക്കാരെ വീട്ടിൽനിന്ന്‌ ഓഫീസുകളിലേക്ക്‌ എത്തിക്കാൻ പ്രത്യേക ബസ്‌ സർവീസ്‌ തുടങ്ങി. ഹജ്ജ്‌ നിർവഹിച്ച്‌ ഞായറാഴ്‌ച മടങ്ങിയെത്തുന്നവർക്ക്‌ പ്രത്യേക ബസുകൾ ഏർപ്പെടുത്തുമെന്ന്‌ ശ്രീനഗർ ഡിവിഷണൽ കമീഷണർ ബസീർ ഖാൻ പറഞ്ഞു.

സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്‌ചമുതൽ മേഖല തിരിച്ച്‌ തുറന്നുതുടങ്ങും. പ്രശ്‌നബാധിത മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഞായറാഴ്‌ച വൈകിട്ടോടെ ലാൻഡ്‌ലൈനുകൾ പുനഃസ്ഥാപിക്കാനാണ്‌ ശ്രമമെന്ന്‌ സർക്കാർ വക്താവ്‌ രോഹിത്‌ കൻസാൽ പറഞ്ഞു. ഇന്റർനെറ്റ്‌ സേവനം ദുരുപയോഗപ്പെടുത്തിയാൽ നിയമ നടപടിയുണ്ടാകുമെന്ന്‌ ഡിജിപി ദിൽബാഗ്‌ സിങ്‌ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top