22 October Tuesday

കശ്‌മീർ ശാന്തമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019

ന്യൂഡൽഹി >  കശ്‌മീരിൽ എല്ലാം ശാന്തമെന്ന്‌ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്ഥിതിവിവര റിപ്പോർട്ടിൽ കേന്ദ്രസർക്കാർ അവകാശപ്പെട്ടു. താഴ്‌വരയിൽ ടെലിഫോൺ ബന്ധം 100 ശതമാനം പുനഃസ്ഥാപിച്ചതായും വിവരങ്ങളുടെ സുഗമമായ കൈമാറ്റത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
 
 ക്രമസമാധാനം മുൻനിർത്തി ചില മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്‌. അതെല്ലാം ഘട്ടംഘട്ടമായി പിൻവലിച്ചുവരികയാണ്‌. ശ്രീനഗറിൽനിന്ന്‌ നിരവധി പത്രങ്ങൾ തടസ്സമില്ലാതെ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ദേശീയ ദിനപത്രങ്ങൾ താഴ്‌വരയിൽ വിതരണം ചെയ്യുന്നുണ്ട്‌. ആഗസ്‌ത്‌ ഏഴിന്‌ മീഡിയാ സെന്റർ തുറന്നു. ഇവിടെ ടെലിഫോൺ, കംപ്യൂട്ടർ, ഇന്റർനെറ്റ്‌, പ്രിന്റർ സൗകര്യങ്ങളുണ്ട്‌. രാവിലെ എട്ടുമുതൽ രാത്രി 11 വരെ ഈ സൗകര്യം ലഭ്യമാണ്‌. ചാനലുകളും പ്രവർത്തിക്കുന്നുണ്ട്‌.

 ആരോഗ്യസേവനങ്ങളും സാധാരണ നിലയിലാണ്‌. കശ്‌മീരിലെ ആശുപത്രികളിൽ സെപ്‌തംബർ 15 വരെ 10.52 ലക്ഷം രോഗികൾ ഒപിയിൽ ചികിത്സ തേടി. കിടത്തിച്ചികിത്സാ വിഭാഗത്തിൽ 67,196 പേർ ചികിത്സ തേടി. സിസേറിയനടക്കം പതിനായിരത്തിലേറെ ശസ്‌ത്രക്രിയകൾ നടന്നു. മരുന്നുകളും ആവശ്യത്തിന്‌ ലഭ്യമാണ്‌.

 കുടിവെള്ള വിതരണവും വൈദ്യുതിബന്ധവും സാധാരണ നിലയിൽ തുടരുന്നു. ഭക്ഷ്യവസ്‌തുക്കൾ, എൽപിജി, പെട്രോൾ, ഡീസൽ തുടങ്ങിയ അവശ്യവസ്‌തുക്കളുടെ മൂന്നുമാസത്തെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്‌. കശ്‌മീരിൽ 97 ശതമാനം സ്‌കൂളുകളും പ്രവർത്തിക്കുന്നുണ്ട്‌. സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു–- സ്ഥിതിവിവര റിപ്പോർട്ടിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top