ജമ്മു കശ്‌മീർ ബൂത്തിലേക്ക് ; തരിഗാമി നാലാംവിജയം തേടുന്ന കുൽഗാമിലും ഇന്ന് വോട്ടെടുപ്പ്

ന്യൂഡൽഹി
ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു കശ്‌മീർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക്. ആദ്യഘട്ടത്തിൽ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ബുധൻ രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിത സ്ഥാനാർഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ. പിർപാഞ്ചൽ പർവത നിരക്ക് ഇരുവശത്തുമുള്ള ഏഴുജില്ലകളിലാണ് 24 മണ്ഡലവും. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. സൈന്യത്തിന് പുറമേ കേന്ദ്ര–-സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി നാലാംവിജയം തേടുന്ന കുൽഗാമിലും ബുധനാഴ്‌ചയാണ് പോളിങ്.
അതിനിടെ സ്വതന്ത്ര എംപി എൻജിനിയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർടിയുടെ പുൽവാമ സ്ഥാനാർഥി മുഹമ്മദ് ഇഖ്‌ബാൽ സോഫി പോളിങിന് മണിക്കൂറുകൾക്ക് മുമ്പ് നാണഷൽ കോൺഫറൻസിലേക്ക് കൂറുമാറി. അവാമി പാർടി ജമാഅത്ത് ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. സ്ഥാനാർഥിത്വം പിൻവലിക്കാൻ കഴിയാത്തതിനാൽ എൻസി–-കോൺഗ്രസ് സഖ്യസ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ പാർടിയിലേയ്‌ക്ക് സ്വീകരിച്ചു.
0 comments