16 September Monday

കശ്‌മീരിൽ ആശയക്കുഴപ്പം തീരാതെ കോൺഗ്രസ്‌; പൊട്ടിത്തെറിച്ച്‌ ഗുലാംനബി; ഒറ്റപ്പെട്ട്‌ സിന്ധ്യ

പി ആര്‍ ചന്തുകിരണ്‍Updated: Thursday Aug 8, 2019

ന്യൂഡൽഹി > ജമ്മു കശ്‌മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുസംബന്ധിച്ച്‌ കോൺഗ്രസിൽ അഭിപ്രായവ്യത്യാസം തുടരുന്നു. 370–--ാം അനുച്ഛേദം ജനാധിപത്യവിരുദ്ധമായാണ്‌ റദ്ദാക്കിയതെന്ന്‌ കോൺഗ്രസ്‌ പ്രമേയം പാസാക്കിയെങ്കിലും നേതാക്കൾ പല തട്ടിലാണ്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ വാക്കേറ്റമുണ്ടായി. ബിജെപി സർക്കാരിന്റെ നീക്കത്തിന്‌ പിന്തുണ അറിയിച്ച ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള നേതാക്കളെ ഗുലാം നബി ആസാദ്‌ രൂക്ഷമായി വിമർശിച്ചു. ഒരുഘട്ടത്തിൽ പൊട്ടിത്തെറിച്ച ഗുലാംനബി, നേതാക്കൾ കശ്‌മീരിന്റെ ചരിത്രം പഠിക്കണമെന്നും പറഞ്ഞു. ഭരണഘടനയുടെ സാങ്കേതികതത്വങ്ങൾ പി ചിദംബരം വിശദീകരിച്ചു. കശ്‌മീർവിഭജനം രാഷ്ട്രീയ പ്രശ്‌നമാണെന്ന ഗുലാംനബിയുടെ നിലപാടിന്‌ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്തുണ നൽകിയതോടെ സിന്ധ്യ ഒറ്റപ്പെട്ടു.

നേതാക്കളുടെ നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ വീണ്ടും നേതൃയോഗം ചേരും. ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലക്കാർ, പിസിസി പ്രസിഡന്റുമാർ, കോൺഗ്രസ്‌ നിയമസഭാകക്ഷി നേതാക്കൾ, എംപിമാർ എന്നിവരുടെ യോഗം വെള്ളിയാഴ്‌ച ചേരും. പാർടി നിലപാട്‌ എന്താണെന്നും എന്തുകൊണ്ടാണെന്നും യോഗത്തിൽ വിശദീകരിക്കും. കശ്‌മീർവിഷയത്തിൽ പാർലമെന്റിൽ എതിർത്ത്‌ വോട്ട്‌ ചെയ്‌തെങ്കിലും മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ജനാർദൻ ദ്വിവേദി, സിന്ധ്യ, മിലിന്ദ്‌ ദേവ്‌ര, ദീപേന്ദർ സിങ്‌, അതിഥി സിങ്‌, കോൺഗ്രസ്‌ വക്താവ്‌ ജയ്‌വീർ ഷെർഗിൽ തുടങ്ങിയവർ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌ പാർടിക്ക്‌ തിരിച്ചടിയായി. രാഹുൽഗാന്ധിക്കുശേഷം അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ട സിന്ധ്യയടക്കമുള്ളവരുടെ പരസ്യനിലപാട്‌ കോൺഗ്രസിന്‌ പ്രതിസന്ധിയുണ്ടാക്കും. കോൺഗ്രസ്‌ ലോക്‌സഭാകക്ഷി നേതാവ്‌ അധീർ രഞ്ജൻ ചൗധരി എതിർത്ത്‌ സംസാരിക്കുന്നതിനിടെ  ‘കശ്‌മീർ ആഭ്യന്തരവിഷയമാണോ’ എന്ന ചോദ്യം ഉന്നയിച്ച്‌ സെൽഫ്‌ ഗോളടിച്ചതും ക്ഷീണമായി. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വോട്ടുചെയ്‌തതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ രാജ്യസഭാ വിപ്പ്‌ ഭുവനേശ്വർ കാലിത രാജിവച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top