19 January Sunday

കശ്‌മീർ സ്ഥിതി ഭയാനകം; ആശങ്ക അറിയിച്ച് ബ്രട്ടീഷ് അഭിഭാഷകർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019

ന്യൂഡൽഹി >  കശ്‌മീരില്‍ അഭിഭാഷകരെയടക്കം തടവിൽവയ്‌ക്കുന്നതിലും  നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും  ആശങ്ക അറിയിച്ച്‌ ലണ്ടൻ–-വെയ്ല്‍സ് ബാർ കൗൺസിലും  മനുഷ്യാവകാശ കമ്മറ്റിയും. കശ്‌മീർ താഴ്‌വരയിലെ നീതിന്യായ സംവിധാനം തകർച്ചയുടെ വക്കിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ അയച്ചകത്തില്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി.  370-ാം വകുപ്പ്‌ റദ്ദാക്കിയ ആഗസ്‌ത്‌ അഞ്ചുമുതല്‍  പ്രമുഖ അഭിഭാഷകരടക്കം മൂവായിരത്തോളംപേർ തടവിലാണ്‌.

വിചാരണകൂടാതെ രണ്ട്‌ വർഷംവരെ തടവിൽവയ്‌ക്കാവുന്ന പൊതുസുരക്ഷാ നിയമം 300 പേർക്കെതിരെ ചുമത്തി. തടവിലുള്ളവരുടെ വിവരം സർക്കാർ വെളിപ്പെടുത്തുന്നില്ല. ആശയവിനിമയ സംവിധാനം റദ്ദാക്കിയത്‌ കോടതികളുടെ ദൈനംദിന നടപടിപോലും മുടക്കി. സൈനികവൽക്കരണം, സഞ്ചാരസ്വാതന്ത്ര്യനിഷേധം, ആശയവിനിമയ മാർഗങ്ങൾ റദ്ദാക്കൽ എന്നിവ ഭയാനാക അന്തരീക്ഷമാണ്‌ കശ്മീരില്‍ സൃഷ്ടിക്കുന്നത്.

ഈ വർഷം നൽകിയ 500 ഹേബിയസ്‌ കോർപസ്‌ ഹർജിയാണ്‌ കെട്ടിക്കിടക്കുന്നത്‌. അവയിൽ 330 എണ്ണവും ആഗസ്‌ത്‌ അഞ്ചിനുശേഷം നൽകിയവ. ജമ്മു കശ്‌മീർ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ മിയാൻ അബ്‌ദുൾ ഖയൂം, മുൻ പ്രസിഡന്റ്‌ നസീർ അഹമ്മദ്‌ റോൻഗ അടക്കമുള്ളവര്‍ തടവിലാണ്‌.
ആഭ്യന്തര–അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമുണ്ടാകുന്നത്‌ പരിശോധിക്കാൻ സംവിധാനമില്ല. സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിന്‌ ഇന്ത്യൻ സർക്കാർ അനുമതി നൽകണം. ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കണം.
 
 തടവിലുള്ള അഭിഭാഷകരടക്കമുള്ളവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.  കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനും ബാർ കൗൺസിൽ ഓഫ്‌ ഇന്ത്യക്കും കത്ത്‌ അയച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top