31 May Sunday

വിഭജനം ആസൂത്രിത നീക്കത്തിലൂടെ

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2019

ന്യൂഡൽഹി > കശ്‌മീരിനെ വിഭജിക്കാനും 370–-ാം അനുച്ഛേദംവഴി നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കാനും മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ നീക്കം തുടങ്ങിയത്‌ രണ്ടാം എൻഡിഎ സർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ. രാഷ്ട്രപതി ഉത്തരവിറക്കുന്നത്‌ എത്‌ തരത്തിലുള്ള പേപ്പറിലാണെന്ന്‌ അറിയിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥന്‌ ആ സമയം സന്ദേശം ലഭിച്ചതായാണ്‌ വിവരം. എന്തിനാണിത്‌ എന്നതിന്‌ ആർക്കും ഉത്തരമില്ലായിരുന്നു.

കശ്‌മീർ ജനതയെ വിശ്വാസത്തിലെടുക്കാതെ രാജ്യത്തെയാകെ ഇരുട്ടിൽ നിർത്തി രഹസ്യമായാണ്‌ കേന്ദ്രസർക്കാർ കശ്‌മീരിനെ മുറിച്ചത്‌. ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ കീഴിൽ ഏതാനും ഉന്നത ഉദ്യോഗസ്ഥരാണ്‌ ഇതിന്‌ കരുനീക്കിയത്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ്‌ ഗൗബ, ജമ്മു കശ്‌മീർ ചീഫ്‌ സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യൻ എന്നിവരായിരുന്നു ആ സംഘത്തിൽ. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായും ആശ യവിനിമയം നടത്തി. നിയമമന്ത്രി രവിശങ്കർ പ്രസാദ്‌ ഞായറാഴ്‌ച രാത്രിയാണ്‌ ബിൽ പൂർത്തിയാക്കിയത്‌. നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലരും പദ്ധതി അറിഞ്ഞു. തിങ്കളാഴ്‌ച രാജ്യസഭയിൽ തീരുമാനം പരസ്യപ്പെടുന്നതിന്‌ തൊട്ടുമുമ്പുള്ള യോഗത്തിലാണ്‌ മന്ത്രിസഭയിലെ മറ്റ്‌ അംഗങ്ങൾ വിവരം അറിഞ്ഞത്‌.
‘ഭരണഘടനയിലെ 370–-ാം അനുച്ഛേദം സ്ഥിരം സ്വഭാവമുള്ളതല്ല’–- കശ്‌മീരിലെ രാഷ്ട്രപതിഭരണം നീട്ടിയ ഓർഡിനൻസിന്‌ അംഗീകാരം നൽകാനുള്ള ചർച്ചയ്‌ക്കിടെ ജൂൺ 28ന്‌ ലോക്‌സഭയിൽ അമിത്‌ ഷാ പറഞ്ഞു. പ്രത്യേക പദവിയാണ്‌ ‘പ്രശ്‌നം’ എന്ന ആശയത്തിന്റെ പ്രഖ്യാപനമായിരുന്നു അത്‌.

പാർലമെന്റ്‌ തുടങ്ങുംമുമ്പ്‌ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭഗവതിനെയും സംഘടനാ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയെയും ഷാ പദ്ധതി ധരിപ്പിച്ചു. അണിയറയിൽ ഈ നീക്കങ്ങൾ നടക്കുമ്പോൾ ഭീകരാക്രമണഭീതിയുടെപേരിൽ കശ്‌മീരിൽ പരക്കെ  സൈന്യത്തെ വിന്യസിച്ചു. താഴ്‌വരയെ വരിഞ്ഞുകെട്ടി. അമർനാഥ്‌ യാത്രയ്‌ക്കുനേരെ ഭീകരാക്രമണം ഉണ്ടായ 2017ൽ പോലും നിർത്തിവയ്‌ക്കാതിരുന്ന തീർഥാടനം ഇക്കുറി നിർത്തിവച്ചു. സഞ്ചാരികളെയും വിദ്യാർഥികളെയും ഒഴിപ്പിച്ചു. കശ്‌മീരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കി ഇന്റർനെറ്റ്‌ സേവനവും നിശ്ചലമാക്കി. എല്ലാം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു.


പ്രധാന വാർത്തകൾ
 Top