17 February Monday

സൈന്യത്തെ നിരത്തി എത്രനാൾ ?

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

മാധ്യമ പ്രവർത്തകനായ ഷഫ്‌ഖത്‌ ബുഖാരിയുടെ വസതിയിൽ ഈദ്‌ ദിനത്തിൽ ഒരിക്കൽക്കൂടി എത്തി. സ്വീകരണ മുറിയിൽ നിലത്ത്‌ വിരിച്ച പരവതാനിയിലിരുന്ന്‌ ബുഖാരിയുടെ മകളും സഹോദരിയുടെ മകളും പഠിക്കുന്നു. നഗരത്തിലെ പ്രശസ്‌തമായ കോൺവെന്റ്‌ സ്‌കൂളിലാണവർ പഠിക്കുന്നത്‌.

കശ്‌മീരിൽ ആഴ്‌ചകളായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്‌. വിദ്യാലയങ്ങൾ തുറന്നുവെന്ന്‌ സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വിദ്യാർഥികളില്ല. 2010 ലും 2016 ലും സംഘർഷത്തെത്തുടർന്ന്‌  സ്‌കൂളുകൾ മാസങ്ങൾ അടഞ്ഞുകിടന്നു.  ട്യൂട്ടർമാരെ വച്ചാണ്‌ പഠനം. നഗരത്തിലെ മിക്കവാറും കോളനികളിലും ട്യൂട്ടർമാരുണ്ടാകും. കുട്ടികൾ ഏതെങ്കിലുമൊരു കേന്ദ്രത്തിൽ ഒത്തുകൂടും. ട്യൂട്ടർമാർ അവിടെയെത്തി പഠിപ്പിക്കും. ഇതും നഗരങ്ങളിൽ മാത്രം. ഗ്രാമങ്ങളിൽ കുട്ടികൾ തനിയെ പഠിക്കണം.  ഈ ചുറ്റുപാടിൽനിന്നാണ്‌ താഴ്‌വരയിലെ കുട്ടികൾ സിവിൽ സർവീസ്‌ അടക്കമുള്ള മൽസര പരീക്ഷകൾ ജയിച്ചുകയറുന്നതും ജെഎൻയു അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതും.


വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിയെ കാണാൻ ഈദ്‌ ദിനത്തിൽ വീണ്ടും പുറപ്പെട്ടപ്പോൾ ടാക്‌സികൾ കിട്ടാൻ ബുദ്ധിമുട്ടി. ഹൈദർപുരവരെ നടന്നു. അവിടെനിന്ന്‌ ഓട്ടോയിൽ. തുളസിബാഗിലുള്ള തരിഗാമിയുടെ വീട്ടിലെത്തിയപ്പോഴാണ്‌ അദ്ദേഹം താമസം മാറിയകാര്യം സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്ന്‌ അറിയുന്നത്‌. വീടിനു ഭീകരാക്രമണമുണ്ടായതിനെ തുടർന്നാണ്‌ അതിസുരക്ഷാ മേഖലയായ ഗുപ്‌കർ റോഡിലേക്ക്‌ അദ്ദേഹം മാറിയത്‌.

മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്‌ദുള്ള, ഒമർ അബ്‌ദുള്ള തുടങ്ങി ഭീകരരുടെ ഹിറ്റ്‌ലിസ്‌റ്റിലുള്ള മുതിർന്ന നേതാക്കളെല്ലാം ഇവിടെയാണ്‌.  കാര്യമായ പരിശോധനകൾ കൂടാതെ തരിഗാമിയുടെ എച്ച്‌–-ഒന്ന്‌ വസതിക്ക്‌ മുന്നിലെത്തി. അകത്തേക്ക്‌ പ്രവേശനമില്ല. ആരോഗ്യസ്ഥിതി ആരാഞ്ഞും സഖാക്കളോടായി എന്തെങ്കിലും സന്ദേശമുണ്ടെങ്കിൽ പറയാമെന്നും അറിയിച്ചുള്ള കുറിപ്പ്‌ കാവൽ ചുമതലയിലുള്ള ഐടിബിപി ഭടന്‌ കൈമാറി. എന്നാൽ, മറുപടി കുറിപ്പ്‌ എത്തിയില്ല.
ഗുപ്‌കർ റോഡിൽനിന്ന്‌ ദാൽ തടാകത്തിലേക്കാണ്‌ എത്തിയത്‌. ടൂറിസം സീസണായിട്ടും വിനോദസഞ്ചാരികളില്ല. അധ്യാപകനായ അഖ്‌തർ ഹുസൈനെ തടാകതീരത്ത്‌ കണ്ടുമുട്ടി. പ്രത്യേകപദവി പിൻവലിച്ചുള്ള തീരുമാനം ആഗസ്‌തിൽ തന്നെയെടുത്തത്‌ ബോധപൂർവമെന്ന്‌ അഖ്‌തർ. നവംബർവരെ നീളുന്നതാണ്‌ കശ്‌മീരിലെ ടൂറിസം സീസൺ. കശ്‌മീരിന്റെ സമ്പദ്‌വ്യവസ്ഥ ചലിക്കുന്നതുതന്നെ ടൂറിസത്തെ ആശ്രയിച്ചാണ്‌. കേന്ദ്ര പ്രഖ്യാപനത്തോടെ സഞ്ചാരികൾ താഴ്‌വര വിട്ടു. ഈ സീസണിൽ ഇനിയാരും എത്താനിടയില്ല. കോൺഗ്രസിന്റെ കാലത്തുതന്നെ കശ്‌മീരികൾ വഞ്ചിക്കപ്പെട്ടു തുടങ്ങിയിരുന്നു. 370–-ാം വകുപ്പ്‌ അനുവദിച്ച പല ആനുകൂല്യങ്ങളും കോൺഗ്രസ്‌ ഇല്ലാതാക്കി. ഇപ്പോൾ മോഡി സർക്കാർ ആ വകുപ്പുതന്നെ എടുത്തുകളഞ്ഞു.  വിഘടനവാദികൾക്കും തീവ്രവാദികൾക്കും മാത്രമാണ്‌ കേന്ദ്രതീരുമാനം ഗുണം ചെയ്യുക–- അഖ്‌തർ പറഞ്ഞു.

തടാകത്തിൽ ശിക്കാര തുഴയുന്ന അബ്‌ദുർ ഘനിയും സങ്കടത്തിലാണ്‌. പെരുന്നാൾ ദിനത്തിൽക്കൂടി ശിക്കാരയിൽ കയറാൻ ആളില്ല. സീസൺകാലത്ത്‌ ദിവസം രണ്ടായിരം രൂപവരെ കിട്ടാറുള്ളതാണ്‌. എന്നാൽ, കഴിഞ്ഞ കുറച്ചുദിവസമായി ശിക്കാര കയറാൻ ആളില്ല. ഇപ്പോൾ വരുമാനമില്ലെങ്കിൽ തണുപ്പുകാലത്ത്‌ പിടിച്ചുനിൽക്കാനാകില്ല. കരകൗശല വസ്‌തുക്കൾ വിൽക്കുന്ന സഹോദരന്റെ കടയും അടഞ്ഞുകിടക്കുകയാണ്‌–- അബ്‌ദുർ പറഞ്ഞു.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ ഇന്ത്യയെ ഏകീകരിച്ചുവെന്ന്‌ ഘോഷിക്കുകയാണ്‌. താഴ്‌വരയിലെ എൺപത്‌ ലക്ഷത്തോളം പേരെ മാനസികമായി അകറ്റിക്കൊണ്ടാണ്‌ ആ തീരുമാനം. കശ്‌മീർ അസ്വസ്ഥമാണ്‌; അശാന്തവും. വലിയ തോതിലുള്ള പട്ടാളവിന്യാസത്തിലൂടെ എത്രനാൾ  അടക്കിനിർത്താനാകുമെന്ന ചോദ്യമാണ്‌ താഴ്‌വരയിൽനിന്നുയരുന്നത്‌.  
(അവസാനിച്ചു)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top