17 September Tuesday

കശ്‌മീർ: ഈ രീതിയിൽ എത്രനാൾ...

എം പ്രശാന്ത്‌Updated: Monday Aug 19, 2019

ശ്രീനഗറിന്റെ നഗരഹൃദയത്തിലാണ്‌, കശ്‌മീരിലെ പ്രധാന പത്രങ്ങളുടെയെല്ലാം ഓഫീസുള്ള പ്രസ്‌ കോളനി. ഒരുവശത്ത്‌ ശാന്തമായൊഴുകുന്ന ഝലം നദി. ലാൽചൗക്ക്‌, ഖണ്ഡാ ഘർ തുടങ്ങി പ്രധാന നഗരചത്വരങ്ങളും തൊട്ടടുത്തുതന്നെ. വിവിധ രാഷ്ട്രീയ പാർടികളുടെയും പൗരാവകാശ സംഘടനകളുടെയും മറ്റും പ്രതിഷേധ പ്രകടനങ്ങൾക്ക്‌ പലപ്പോഴും വേദിയാകാറുള്ളത്‌ ലാൽ ചൗക്കും പ്രസ്‌ കോളനിയുമാണ്‌.

രണ്ടാം ദിവസം ആദ്യംപോയത് പ്രസ്‌ കോളനിയിലേക്കാണ്‌. താമസസ്ഥലമായ ഹംഹമയിൽനിന്നുള്ള യാത്രയിലും തലേന്നത്തെ കാഴ്‌ചകൾ ആവർത്തിച്ചു. അടഞ്ഞുകിടക്കുന്ന കടകളും ശൂന്യമായ റോഡുകളും. നഗരമധ്യത്തോടടുക്കുംതോറും സേനാ സാന്നിധ്യം ഏറിവന്നു. കവചിത വാഹനങ്ങളിൽ പരിസരവീക്ഷണം നടത്തി സായുധസേന. ബാരിക്കേഡുകളുടെ എണ്ണവും പെരുകി. പ്രശ്‌നസാധ്യതാ മേഖലകളിലേക്കുള്ള റോഡുകൾ മുൾക്കമ്പികളിട്ട്‌ അടച്ചിരിക്കുന്നു.

പ്രസ്‌ കോളനിയിലെ ഓഫീസുകൾ അധികവും അടഞ്ഞുകിടന്നു. ഗ്രേറ്റർ കശ്‌മീർ ഓഫീസ്‌ തുറന്നിട്ടുണ്ട്‌. കേരളത്തിൽ നിന്നാണെന്നും മുതിർന്ന മാധ്യമപ്രവർത്തകരായ ആരെങ്കിലുമുണ്ടെങ്കിൽ കാണാൻ താൽപ്പര്യമുണ്ടെന്നും റിസപ്‌ഷനിൽ അറിയിച്ചു. ബ്യൂറോയിലെ ചെറുപ്പക്കാരനായ റിപ്പോർട്ടറെയാണ്‌ കാണാനായത്‌. പേര്‌ പരാമർശിക്കരുതെന്ന ഉറപ്പിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി, ‘താഴ്‌വരയിൽ എല്ലാവരും ഭീതിയിലാണ്‌. പ്രത്യേകിച്ചും മാധ്യമ പ്രവർത്തകർ. രാഷ്ട്രീയ പ്രവർത്തകരെല്ലാം അറസ്‌റ്റിലായി. അടുത്ത ഊഴം മാധ്യമ പ്രവർത്തകരുടേതാകാം. പലരും നേരത്തെതന്നെ ഇന്റലിജൻസിന്റെ നോട്ടപ്പുള്ളികളാണ്‌‘.

‘ദിവസങ്ങളായി തുടരുന്ന ഹർത്താലിന്‌ സമാനമായ അവസ്ഥ പത്രങ്ങളെ തളർത്തി. പരസ്യം ലഭിക്കുന്നില്ല. നെറ്റും ഫോണുമില്ലാത്തതിനാൽ വാർത്ത ശേഖരിക്കൽ ഏറെ ബുദ്ധിമുട്ടായി. പ്രസുകളിലേക്ക്‌ ഓൺലൈനായി പേജുകൾ അയച്ചുകൊടുക്കാനാകുന്നില്ല. നേരിട്ട്‌ എത്തിക്കേണ്ട സ്ഥിതി. വിതരണവും താറുമാറായി. 18–20 പേജുകളുമായി ഇറങ്ങിയിരുന്ന ‘ഗ്രേറ്റർ കശ്‌മീരി’നിപ്പോൾ 10–12 പേജുകൾ!. ഇപ്പോഴിത്‌ താൽക്കാലികമായി നിർത്തിവച്ചു. ഈ രീതിയിൽ എത്രനാൾ മുന്നോട്ടുപോകാനാകുമെന്ന്‌ അറിയില്ല. ഇംഗ്ലീഷ്‌ പത്രമായ റൈസിങ്‌ കശ്‌മീരും ഉറുദു പത്രങ്ങളായ ഡെയ്‌ലി അഫ്‌താബും തമീൽ ഇർഷാദും മാത്രമാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.

കശ്‌മീർ ഉസ്‌മ, ശ്രീനഗർ ടൈംസ്‌, കശ്‌മീർ റീഡർ, കശ്‌മീർ ഒബ്‌സർവർ, കശ്‌മീർ ഇമേജസ്‌ തുടങ്ങിയവ ദിവസങ്ങളായി അച്ചടിനിർത്തി. കശ്‌മീർ ടൈംസിന്റെ ശ്രീനഗർ പതിപ്പും ഇറങ്ങുന്നില്ല. പ്രാദേശിക ചാനലുകളുടെ അവസ്ഥയും സമാനം. ഗുലിസ്‌താൻ, ഇടിവി ഉറുദു ചാനലുകൾക്ക്‌ സംപ്രേക്ഷണാനുമതി നിഷേധിച്ചു. ദേശീയ ചാനലുകൾ മാത്രമാണുള്ളത്‌. അവരാകട്ടെ താഴ്‌വരയെക്കുറിച്ച്‌ ശരിയായ ചിത്രമല്ല നൽകുന്നതും’– യുവറിപ്പോർട്ടർ പറഞ്ഞുനിർത്തി. പേര്‌ പരാമർശിക്കരുതേയെന്ന്‌ വീണ്ടും. ഇല്ലെന്ന്‌ ചിരിയോടെ ആ മുഖത്തേക്ക്‌ നോക്കുമ്പോൾ ആരെയോ ഭയക്കുന്ന, സംശയിക്കുന്ന ഭാവം. കേരളത്തിൽ നിന്നെത്തിയ തന്നെ ആ മനുഷ്യൻ സംശയിക്കുന്നുവോ എന്ന്‌ തോന്നി. ആ സംശയം കശ്‌മീരിന്റെയാകെയാണ്‌, ഇന്ത്യയോടുള്ള സംശയം.

(അവസാനിക്കുന്നില്ല)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top