18 October Friday

കദനം വിളഞ്ഞ ആപ്പിൾതോട്ടങ്ങൾ:കശ്‌മീരിൽ പഴവിപണിയിൽ കോടികളുടെ നഷ്‌ടം

എം പ്രശാന്ത‌്Updated: Friday Sep 6, 2019

ശ്രീനഗർ >  കശ്‌മീരിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനം സംഭാവന ചെയ്യുന്ന സുപ്രധാന മേഖലയായിരുന്നു ആപ്പിൾ കൃഷി. ഒരു മാസമായി തുടരുന്ന അനിശ്‌ചിതാവസ്ഥ ഈ മേഖലയിൽ മാത്രം കോടികളുടെ നഷ്ടമാണ്‌ വരുത്തിയിത്‌. പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള കേന്ദ്ര തീരുമാനത്തോടെ തകർന്നത്‌ ആയിരക്കണക്കിന്‌ കർഷകരുടെ ജീവിതമാർഗമാണ്‌.

 ബഡ്‌ഗാം ജില്ലയിലെ ചെറുപട്ടണമാണ്‌ ഓംപുര. പട്ടണത്തിൽ നിന്ന്‌ ബഡ്‌ഗാമിലേക്ക്‌ നീളുന്ന പാതയിൽ വലത്തോട്ട്‌ തിരിഞ്ഞ്‌ അൽപ്പദൂരം സഞ്ചരിക്കുമ്പോൾത്തന്നെ ആപ്പിൾ–പിയർ തോട്ടങ്ങൾ കാണാനാകും. ചെറിയ പാതയോട്‌ ചേർന്ന്‌ മനോഹരമായി നിർമിച്ച ഇരുനില വീടുകൾ കശ്‌മീരിന്റെ കാർഷിക സമൃദ്ധി വിളിച്ചറിയിക്കുന്നതാണ്‌. ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമിയുള്ള ഇടത്തരം കർഷകരാണ്‌ ഇവിടെ അധികവും. ആപ്പിളും പിയറും തന്നെയാണ്‌ മുഖ്യവിളകൾ. നെല്ലും വിവിധയിനം പച്ചക്കറികളുമുണ്ട്‌.

കർഷകനായ അബ്‌ദുൾ റൗഫിനെ തോട്ടത്തിൽ വച്ചാണ്‌ കണ്ടുമുട്ടിയത്‌. വിളവെടുപ്പ്‌ സമയമാണിത്‌. ഗ്രാമമാകെ ഉത്സവാന്തരീക്ഷത്തിലാകേണ്ട ഘട്ടം. എന്നാൽ റൗഫ്‌ തന്റെ ഒന്നരയേക്കർ തോട്ടത്തിൽ തനിച്ചാണ്‌. തൊഴിലാളികളെയൊന്നും കാണാനില്ല. വിളവെടുപ്പിന്‌ പാകമായ ആപ്പിളും പിയറുമുണ്ട്‌. വാങ്ങാൻ ആളില്ലാത്തതിനാൽ ഇത്തവണ വിളവെടുപ്പുണ്ടായില്ലെന്ന്‌ റൗഫ്‌ വിശദീകരിച്ചു. പഴങ്ങളെല്ലാം വീണു.

 ഈ സീസണിൽ വിൽപ്പനയ്‌ക്ക്‌ സാധ്യതയില്ല. ലക്ഷങ്ങളുടെ നഷ്ടം. 24 മുതൽ 27 ടൺ വരെയാണ്‌ വിളയാറുള്ളത്‌. പ്രതിവർഷം പത്തുലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുണ്ടാകും. ബീഹാറിൽ നിന്നുള്ള നാല്‌ തൊഴിലാളികളുണ്ടായിരുന്നു. തൊഴിലാളികളെയെല്ലാം പൊലീസും കേന്ദ്രസേനയും വിരട്ടിയോടിച്ചു–- റൗഫ്‌ പറഞ്ഞു. രാജ്യത്തെ ആകെ ആപ്പിൾ ഉൽപ്പാദനത്തിന്റെ മൂന്നിൽ രണ്ടും താഴ്‌വരയിലാണ്‌. 20 ലക്ഷം  ടണ്ണാണ്‌ വാർഷിക ഉൽപ്പാദനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top