21 September Saturday

അമിത്‌ ഷായുടെ പ്രസ്‌താവന തെറ്റെന്ന്‌ കണക്കുകൾ: കശ്‌മീർ പിന്നിലായിരുന്നില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ന്യൂഡൽഹി
പ്രത്യേകപദവി മൂലം ജമ്മു കശ്‌മീർ പിന്നോക്കാവസ്ഥയിലായെന്ന ബിജെപി പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന്‌ കണക്കുകൾ. ജമ്മു കശ്‌മീരിന്റെ സാമൂഹിക–-സാമ്പത്തിക സൂചികകളാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നത്‌. ബിജെപി ഭരിക്കുന്ന യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ്‌ ഈ സൂചികകളിൽ ഏറ്റവും പിന്നിൽ. രാജ്യത്ത്‌ പ്രതീക്ഷിത ആയുർദൈർഘ്യത്തിൽ (2012–-16ലെ സൂചിക പ്രകാരം) മൂന്നാംസ്ഥാനമാണ്‌ കശ്‌മീരിന്‌ (73.5 വർഷം). ദേശീയ ശരാശരി 68.7ആണ്‌. കേരളം (75.1), ഡൽഹി (74.2) ആണ്‌ ആദ്യ സ്ഥാനങ്ങളിൽ. യുപി (64.8), ഛത്തീസ്‌ഗഢ്‌ (65.2), മധ്യപ്രദേശ്‌ (65.4) എന്നിവരാണ്‌  പിന്നിൽ.

ശിശുമരണനിരക്ക്‌ (2017): ദേശീയ ശരാശരി 33ഉം ജമ്മു കശ്‌മീരിൽ 23ഉം ആണ്‌. കേരളമാണ്‌ (-10) ഒന്നാമത്‌. മധ്യപ്രദേശ്‌ (47), അസം (44), ഒഡിഷ (41) എന്നിവരാണ്‌ പിന്നിൽ. ജനനസമയത്തെ സ്‌ത്രീപുരുഷ ലിംഗാനുപാതം(2017): ദേശീയശരാശരി 896 ആയിരിക്കെ 917ആണ്‌ ജമ്മു കശ്‌മീരിൽ. ഹരിയാനയാണ്‌ (833) പിറകിൽ. ഛത്തീസ്‌ഗഢാണ്‌ (961) ഒന്നാമത്‌. പ്രതിശീർഷ സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം (ജിഎസ്‌ഡിപി) (2016–-17): ദേശീയശരാശരി 1.17 ലക്ഷം രൂപയും ജമ്മു കശ്‌മീരിൽ 1.02 ലക്ഷവുമാണ്‌. മികച്ച സംസ്ഥാനം ഡൽഹി (2.87). ഏറ്റവും പിറകിൽ ബിഹാർ (40,832 രൂപ), യുപി (57,024 രൂപ), ജാർഖണ്ഡ്‌ (69,692 രൂപ). ജിഎസ്‌ഡിപി വളർച്ചനിരക്കിൽ ദേശീയശരാശരി 8.2 ശതമാനവും ജമ്മു കശ്‌മീരിൽ 5.5മാണ്‌. ബംഗാൾ (4.8), ജാർഖണ്ഡ്‌ (5.2) എന്നിവയാണ്‌ കശ്‌മീരിനുതാഴെ. ഗുജറാത്ത്‌ (9.8), ഡൽഹി (8.4), മധ്യപ്രദേശ്‌ (8.3) എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ. ദാരിദ്ര്യനിരക്കിൽ (2011–-12) ദേശീയശരാശരി 21.9 ശതമാനവും ജമ്മു കശ്‌മീരിൽ 10.4മാണ്‌. കേരളത്തിനിത്‌ 7.1 ആണ്‌.  ജാർഖണ്ഡ്‌ (37), ബിഹാർ (33.7), ഒഡിഷ (32.6) എന്നിവരാണ്‌ ഏറ്റവും പിറകിൽ.

തൊഴിലില്ലായ്‌മ നിരക്ക്‌ (2017–-18): ദേശീയശരാശരി 6.1 ശതമാനവും കശ്‌മീരിൽ 5.3ഉം ആണ്‌. ഛത്തീസ്‌ഗഢ്‌ (9.8) ഒന്നാമതും കേരളം (11.4) അവസാനവുമാണ്‌. സാക്ഷരതാനിരക്ക്‌ (2011): ദേശീയശരാശരി 73 ശതമാനവും ജമ്മുവിൽ 67.2മാണ്‌. കേരളമാണ്‌ ഒന്നാമത്‌ (94). ബിഹാർ (61.8)ഒടുവിലും. ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസമുള്ളവർ: ദേശീയശരാശരി 5.6 ശതമാനവും ജമ്മു കശ്‌മീർ 5.2 ശതമാനവുമാണ്‌. ഡൽഹി ഒന്നാമതും (16.4) ബിഹാർ അവസാനവുമാണ്‌ (2.9).  (സെൻസസ്‌, സാമ്പിൾ രജിസ്‌ട്രേഷൻ സംവിധാനം, ആർബിഐ, നിതി ആയോഗ്‌ എന്നിവയിൽനിന്നാണ്‌ വിവരങ്ങൾ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top