25 August Sunday

കർണാടകത്തിൽ വിശ്വാസവോട്ടെടുപ്പ‌് ഇന്ന‌് വൈകിട്ട‌് ; വിമത എംഎൽഎമാർ ഹാജരാകണമെന്ന് അന്ത്യശാസനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ബം​ഗളൂരു
കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ‌്ച നടക്കും. വൈകിട്ട‌് ആറിന‌് മുൻപ‌് വിശ്വാസവോട്ടെടുപ്പ‌് നടത്തുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌് കുമാർ വ്യക്തമാക്കി. തിങ്കളാഴ‌്ച അർധരാത്രി 11.42 ഓടെ സഭ പിരിഞ്ഞതായി സ‌്പീക്കർ  അറിയിച്ചു. ചൊവാഴ‌്ച പകൽ 10ന‌് സഭ വീണ്ടും  ചേരും. വൈകിട്ട‌് നാലുവരെ ചർച്ച തുടരും. തുടർന്ന‌് മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി മറുപടി  പറയും. ആറു മണിക്കുളളിൽ  വോട്ടെടുപ്പ‌് നടത്തുമെന്നും സ‌്പീക്കർ വ്യക്തമാക്കി.

വോട്ടെടുപ്പ‌് തിങ്കളാഴ‌്ച തന്നെ നടത്തണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയാണ‌് സ‌്പീക്കർ സഭ തിങ്കളാഴ‌്ചത്തേക്ക‌് പിരിഞ്ഞതായി അറിയിച്ചത‌്. വിശ്വാസവോട്ടെടുപ്പ‌് ചൊവാഴ‌്ച നടത്തിയാൽ മതിയെന്ന‌് കോൺഗ്രസും സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന‌് ജെഡിഎസും ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ‌്ച സഭയിൽ അത്യന്തം രാഷ്ട്രീയപിരിമുറുക്കമുണ്ടാക്കുന്ന നാടകീയ മുഹൂർത്തങ്ങളാണ‌് അരങ്ങേറിയത‌്. സഭയിൽ ന്യൂനപക്ഷമായ കോൺ​ഗ്രസ്-, ജെഡിഎസ് സഖ്യസർക്കാർ വോട്ടെടുപ്പിന് സാവകാശം തേടിയത് സ്പീക്കറും ഭരണപക്ഷവും തമ്മിലുള്ള അപൂർവ തർക്കത്തിനും വഴിവച്ചു.

വോട്ടെടുപ്പിൽനിന്ന് പിൻവാങ്ങാനാകില്ലെന്ന നിലപാടിൽ സ്പീക്കർ കെ ആർ രമേഷ് ഉറച്ചുനിന്നു. തന്നെ ബലിയാടാക്കരുതെന്ന് ഭരണപക്ഷത്തോട് അഭ്യർഥിച്ച സ്പീക്കർ, ഒരുഘട്ടത്തിൽ രാജിഭീഷണി മുഴക്കി. ഇതിനിടെ മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയുടെതെന്ന പേരിൽ രാജിക്കത്തും പ്രചരിച്ചു. കുമാരസ്വാമി ഇത‌് നിഷേധിച്ചു.
വിശ്വാസപ്രമേയ ചർച്ചയ‌്ക്കുമുമ്പ് രാജിക്കത്ത് നൽകിയ എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന്  വിമത എംഎൽഎമാർ ചൊവ്വാഴ്ച ഹാജരാകണമെന്ന് സ്പീക്കർ അന്ത്യശാസനം നൽകി. 


പ്രധാന വാർത്തകൾ
 Top