13 December Friday

കർണാടകം: അയോഗ്യനായ എംഎൽഎയുടെ സ്വത്തിൽ 185 കോടി വർധന

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ബംഗളൂരു
കർണാടകത്തിൽ ബിജെപിയിലേക്ക്‌ കൂറുമാറിയതിനെത്തുടർന്ന്‌ അയോഗ്യനായ കോൺഗ്രസ്‌ എംഎൽഎയുടെ സ്വത്തിൽ 18 മാസത്തിനിടെ 185 കോടിയുടെ വർധന. കഴിഞ്ഞതവണ ജെഡിഎസ്‌–- കോൺഗ്രസ്‌ സഖ്യസർക്കാരിനെ വീഴ്‌ത്താനായി കൂറുമാറിയ എം ടി ബി നാഗരാജിന്റെ സ്വത്തിലാണ്‌ വൻ വർധന. കഴിഞ്ഞതവണ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നൽകിയ സത്യവാങ്‌മൂലവും ഇത്തവണത്തെ സത്യവാങ്‌മൂലത്തിലുമാണ്‌ ഈ വ്യത്യാസം. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഹൊസകോട്ടയിൽനിന്നാണ്‌ നാഗരാജ്‌ മൽസരിക്കുന്നത്‌.

തനിക്കും ഭാര്യക്കുമായി 1201 കോടിയുടെ സ്വത്തുണ്ടെന്നാണ്‌ വെളിപ്പെടുത്തൽ. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയത്‌ 1015 കോടിയുടെ കണക്കാണ്‌. കഴിഞ്ഞ 18 മാസത്തിനിടെ തന്റെ സ്വത്തിൽ വർധനയുണ്ടായതായി നാഗരാജ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ചലിക്കുന്ന ആസ്‌തികളിൽ നാഗരാജിന്റെമാത്രം 104.53 കോടിയുടെ വർധനയാണ്‌. ഭാര്യ ശാന്തകുമാരിയുടെ സ്വത്തിൽ 44.95 വർധിച്ചു. ആസ്തിയുടെ 25.84 ശതമാനവും ആഗസ്‌ത്തിലെ ആറ് ദിവസത്തിലാണുണ്ടായിരിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ സഖ്യ സര്‍ക്കാരിനെ താഴെ ഇറക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ സ്വത്ത് വര്‍ധന. ജൂലൈ 23നാണ് കോണ്‍ഗ്രസ്–- ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴുന്നത്.

ജൂലൈ 26നാണ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്‌. ജൂലൈ 10ന് നാഗരാജ് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. ജൂലൈ 15ന് 1.16 കോടി രൂപയാണ് നാഗരാജിന്റെ അക്കൗണ്ടിൽ വന്നത്‌. 90 ലക്ഷത്തിലധികം വിലവരുന്ന 52 മറ്റ് നിക്ഷേപങ്ങളും ആഗസ്‌ത്‌ രണ്ടുമുതല്‍ ഏഴുവരെ നാഗരാജ് സ്വന്തമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top