22 September Sunday

മഴ: കർണാടകത്തിൽ 11 മരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ബംഗളൂരു
കർണാടകത്തിൽ കനത്ത മഴയിൽ മരണം 11 ആയി. 43,000 പേരെ മാറ്റിപ്പാർപ്പിച്ചു.  17,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ബെൽഗാവി ജില്ലയിലാണ്‌ കുടുതൽ മരണം. മഴ ശക്തമായി തുടരുന്ന ഇവിടെ ആറുപേര്‍ മരിച്ചു. 40,180 പേരെ മാറ്റിപ്പാർപ്പിച്ചു. ഉത്തര കന്നട ജില്ലയിൽ രണ്ടുപേർ മരിച്ചു, മൂവായിരത്തോളംപേരെ മാറ്റിപ്പാർപ്പിച്ചു.   സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനയും  സൈന്യവും അഗ്നിശമന സേനയും ദുരിതാശ്വാസപ്രവർത്തനം തുടരുന്നു. ഹേമാവതി നദിക്ക്‌ ചുറ്റുമുള്ള പ്രദേശം ഒറ്റപ്പെട്ടു.  കഴിഞ്ഞ ദിവസം രണ്ടുപേർ മഴക്കെടുതിയിൽ മരിച്ചിരുന്നു. ഗുണ്ടിയ നദിയിൽനിന്നുള്ള വെള്ളം കരകവിഞ്ഞെത്തിയതോടെ മംഗളൂരൂ–-ബംഗളൂരു ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

മംഗളൂരു–- മടിക്കേരി പാതയിൽ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു. കൃഷ്‌ണ, പഞ്ചാഗ്ന നദികളിലെ ജലനിരപ്പ്‌ അപകടകരമായി ഉയര്‍ന്നു. കർണാടകത്തിന്‌ 10 കോടി രൂപ ധനസഹായം നൽകുമെന്ന്‌ ഇൻഫോസിസ്‌  അറിയിച്ചു. മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ ബെൽഗാവിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  മണ്ണിടിഞ്ഞ് ചുരങ്ങൾ അടഞ്ഞതോടെ കുടക് ഒറ്റപ്പെട്ടു.മൂന്ന് പേരാണ് ജില്ലയിൽ മരിച്ചത്. വിരാജ്പേട്ട പട്ടണത്തിൽ വെള്ളം കയറി കേരളത്തിലേക്ക്‌ ഗതാഗതം തടസ്സപ്പെട്ടു. കുടക് വഴിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. 

ഡാമുകൾ തുറന്നു


|കനത്ത മഴയെ തുടർന്ന്‌ കുടകിലെ ഹാരംഗി, മൈസൂരിലെ കബിനി ഡാമുകളിൽനിന്ന്‌ പുറംതള്ളുന്ന വെള്ളത്തിന്റെ അളവ്‌ കൂട്ടി.  ഹാരംഗി ഡാമിൽ നിന്ന്‌ സെക്കൻഡിൽ  30,000ൽ കൂടുതൽ ഖനയടി വെള്ളമാണ്‌ പുറംതള്ളുന്നത്‌. ഡാമിന്റെ താഴെ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി. കബനി ഡാമിൽനിന്ന്‌ സെക്കൻഡിൽ  60,000 ഖനയടി വെള്ളമാണ്‌ പുറംതള്ളുന്നത്‌. ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതസ്ഥലങ്ങളിലേക്ക്‌ മാറണമെന്ന്‌ അധികൃതർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top