14 December Saturday

കര്‍ണാടകം: ചർച്ച നീണ്ടത‌് 4 ദിവസം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ബംഗളൂരു > കർണാടകത്തിൽ നടന്നത‌് നിയമസഭാചരിത്രത്തിലെ ഏറ്റവും ദീർഘമായ വിശ്വാസപ്രമേയചർച്ച. സഖ്യസർക്കാരിന‌് ഭൂരിപക്ഷം ഒപ്പിക്കുന്നതിനാവശ്യമായ ചരടുവലികൾക്കായി നാലുദിവസമാണ‌് ചർച്ച വലിച്ചുനീട്ടിയത‌്. സർക്കാരിനെ സംരക്ഷിക്കാൻ നിലകൊണ്ട സ‌്പീക്കർ പോലും ഒരുഘട്ടത്തിൽ ചർച്ച നീളുന്നതിൽ അതൃപ‌്തി പ്രഖ്യാപിച്ചു. ഇങ്ങനെ പോകുകയാണെങ്കിൽ താൻ രാജിവയ‌്ക്കുമെന്ന‌് സ‌്പീക്കർ പറഞ്ഞു.

ജൂലൈ ഒന്നിന‌് കോൺഗ്രസ‌് എംഎൽഎ ആനന്ദ‌് സിങ്‌ രാജിവച്ചതോടെയാണ‌് സഖ്യസർക്കാരിനെ വീഴ‌്ത്തിയ പ്രതിസന്ധിക്ക‌് തുടക്കമായത‌്. വിമതനീക്കത്തിന‌് ശക്തിപകർന്ന‌് അന്നുതന്നെ രമേശ‌് ജാർക്കിഹോളിയും രാജിവച്ചു. ജൂലൈ ആറിന‌് കോൺഗ്രസിലെ ആറും ജെഡിഎസിലെ മൂന്നും എംഎൽഎമാർ രാജിവച്ചു. ഏഴിന‌് വിമത എംഎൽഎമാർ മുംബൈയ‌്ക്ക‌് പോയി. എട്ടിന‌് രണ്ട‌് സ്വതന്ത്രരും മന്ത്രിസ്ഥാനം രാജിവച്ച‌് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഒമ്പതിന‌് കോൺഗ്രസ‌് എംഎൽഎ റോഷൻ ബെയ‌്ഗ‌് രാജിവച്ചു.

10ന‌് എം ടി ബി നാഗരാജും കെ സുധാകറും രാജി സമർപ്പിച്ചു. രാജി സ്വീകരിക്കുന്നില്ലെന്നുകാണിച്ച‌് 11ന‌് 10 എംഎൽഎമാർ സ‌്പീക്കർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 12ന‌് സ‌്പീക്കറും സുപ്രീംകോടതിയിൽ.  നേരിട്ട‌് ഹാജരായി സ‌്പീക്കർക്ക‌് രാജിക്കത്തുനൽകാൻ സുപ്രീംകോടതിയുടെ നിർദേശം. നിയമസഭാസമ്മേളനം തുടങ്ങി. 13ന‌് അഞ്ച‌് എംഎൽഎമാർ കൂടി സ‌്പീക്കർക്കെതിരെ സുപ്രീംകോടതിയിൽ. എംഎൽഎമാരുടെ രാജിയിൽ സ‌്പീക്കർക്ക‌് തീരുമാനമെടുക്കാമെന്ന‌് സുപ്രീംകോടതി വിധി. എന്നാൽ, സഭയിൽ ഹാജരാകാൻ നിർബന്ധിക്കാനാകില്ല. 18ന‌് മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിച്ചു. വിമത എംഎൽഎമാർക്ക‌് വിപ്പ‌് നൽകാമോ എന്ന കാര്യത്തിൽ വിശദീകരണംതേടി കോൺഗ്രസും മുഖ്യമന്ത്രിയും വീണ്ടും സുപ്രീംകോടതിയിൽ.

കോടതിയിൽ കേസ‌് നീളുന്നതിനനുസരിച്ച‌് വിശ്വാസപ്രമേയത്തിൽമേലുള്ള ചർച്ചയും നീണ്ടു. ഒടുവിൽ ചൊവ്വാഴ‌്ച വൈകിട്ട‌് ഏഴിന‌് വോട്ടെടുപ്പ‌്. തുടർന്ന‌് കുമാരസ്വാമി ഗവർണറെ സന്ദർശിച്ച‌് രാജിക്കത്ത‌് കൈമാറുന്നു.


പ്രധാന വാർത്തകൾ
 Top