20 February Wednesday

കർണാടക കോൺഗ്രസിൽ കുപ്പികൊണ്ട‌് അടി, സംഘട്ടനമുണ്ടായത‌് 76 പേരെ പാർപ്പിച്ച റിസോർട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ബംഗളൂരു
സർക്കാരിന്റെ ഭാവി അനിശ‌്ചിതത്വത്തിൽ തുടരുന്ന കർണാടകത്തിൽ ഭരണകക്ഷി എംഎൽഎമാർ ഏറ്റുമുട്ടി. ബംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിൽ പാർപ്പിച്ച  കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ്സിങ്ങും ജെ എന്‍ ഗണേഷുമാണ‌് കഴിഞ്ഞ  രാത്രി ഏറ്റുമുട്ടിയത‌്.  കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ ആനന്ദ‌്സിങ്ങിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസിൽനിന്ന‌് ബിജെപി നോട്ടമിട്ടിരിക്കുന്നവരിൽ പ്രമുഖനാണ‌് ജെ എൻ ഗണേഷ‌്. ഇരുവരും ബെല്ലാരി മേഖലയിൽനിന്നുള്ള എംഎൽഎമാരാണ‌്.  കോൺഗ്രസ‌് –-ജെഡിഎസ‌് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പണം വാരി  എറിഞ്ഞതോടെയാണ‌് പിടിച്ചുനിൽക്കാനായി തങ്ങളുടെ എംഎൽഎ മാരെ കോൺഗ്രസ‌് നേതൃത്വം ബംഗളൂരുവിലെ റിസോർട്ടിലേക്ക‌് മാറ്റിയത‌്.   80 എംഎൽഎ മാരിൽ 76പേരാണ‌് റിസോർട്ടിലുള്ളത‌്.

നാലുകോൺഗ്രസ‌് എംഎൽഎമാരും രണ്ട‌് സ്വതന്ത്രരും ഗോവയിലെയും മുംബൈയിലേയും ഹോട്ടലുകളിൽ ബിജെപിയുടെ കസ‌്റ്റഡിയിലാണ‌്. മഹാരാഷ‌്ട്ര  മന്ത്രി രാം  ഷിൻഡെയ‌്ക്ക‌്ചുമതല കൊടുത്താണ‌് കർണാടകത്തിലെ അട്ടിമറിക്ക‌് ബിജെപി പണമൊഴുക്കുന്നത‌്. ‘ഓപ്പറേഷൻ കമല’ എന്ന പേരിൽ നടത്തുന്ന അട്ടിമറി നീക്കത്തിൽ ഒരു എംഎൽഎയ‌്ക്ക‌് 50 കോടി വരെ വാഗ‌്ദാനം ചെയ‌്തിരുന്നു.  ബിജെപി എംഎൽഎമാരെ പാട്ടിലാക്കാൻ ഭരണകക്ഷിയും ശ്രമം നടത്തി.

ഇതിൽ പെട്ടുപോകാതിരിക്കാൻ ബിജെപി തങ്ങളുടെ എംഎൽഎമാരെ ഗുരുഗ്രാമിലെ സ്വകാര്യ റിസോർട്ടിലേക്ക‌് മാറ്റി. ഇവരെ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചു. ഇതിനിടെ  ഈഗിൾടൺ റിസോർട്ടിൽ ചേർന്ന  നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്ത നാല‌് എംഎൽഎമാരിൽനിന്ന‌് കോൺഗ്രസ‌് വിശദീകരണം തേടിയിരുന്നു. 

എംഎൽഎ മാർ ഏറ്റുമുട്ടിയ വാർത്ത കോൺഗ്രസ‌് നിഷേധിച്ചു.   പാർടി ഒറ്റക്കെട്ടാണെന്നും എംഎല്‍എമാര്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്നും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. 

എംഎല്‍എമാര്‍ റിസോര്‍ട്ടിലുണ്ടെന്നും അവർ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാർ വ്യക്തമാക്കി. എന്നാൽ, നെഞ്ചുവേദന അനുഭവപ്പെട്ട ആനന്ദിനെ ഞായറാഴ‌്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശിവകുമാറിന്റെ സഹോദരനും എംഎൽഎയുമായ ഡി കെ സുരേഷ‌്  പറഞ്ഞു. 

പരിക്കേറ്റ എംഎൽഎയെ  ആശുപത്രിയിൽ സന്ദർശിക്കുന്നതിൽനിന്ന‌്  തന്നെ വിലക്കിയതായി  പ്രമുഖ കോൺഗ്രസ‌് നേതാവ‌് രഘുകുമാർ പറഞ്ഞു.  കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച‌് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും കോണ്‍ഗ്രസിന് ഇനി ഒന്നും നിഷേധിക്കാനാകില്ലെന്നും കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിൽ പ്രതികരിച്ചു.
 

മറ്റു വാർത്തകൾ

 Top