26 August Monday

വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവ‌്; കോൺഗ്രസും ജെഡിഎസും സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ന്യൂഡൽഹി> വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയെ സമീപിച്ചു. രാജിവച്ച എംഎൽഎമാർക്ക‌് വേണമെങ്കിൽ സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന‌് ചീഫ‌്ജ‌സ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് ജൂലൈ 17ലെ ഇടക്കാല ഉത്തരവ‌ിൽ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത തേടിയാണ‌് കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയും പിസിസി അധ്യക്ഷൻ ദിനേശ‌് ഗുണ്ടുറാവും  സുപ്രീംകോടതിയെ സമീപിച്ചത‌്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം നിയമസഭാ സമാജികർക്ക‌് വിപ്പ‌് നൽകാനുള്ള രാഷ്ട്രീയ പാർടികളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണ‌് ഇടക്കാല ഉത്തരവിലെ നിർദേശങ്ങളെന്ന‌് ഹർജികളിൽ ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയപാർടികൾക്ക‌് വിപ്പ‌് നൽകാനുള്ള അധികാരം ഭരണഘടന നൽകുന്നുണ്ട‌്. ഈ അധികാരം ഏതെങ്കിലും വ്യവസ്ഥയ‌്ക്ക‌് വിധേയമല്ല. കോടതി ഉത്തരവുകളിലൂടെ ഈ അധികാരം നിയന്ത്രിക്കുന്നത‌് ഭരണഘടനാതത്വങ്ങളുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ‌്. വിശ്വാസപ്രമേയത്തിലുള്ള ചർച്ച ഏത‌് രീതിയിലാകണമെന്ന‌് ഉത്തരവിടാൻ ഗവർണർക്ക‌്  അധികാരമില്ലെന്നും ഹർജികളിൽ പറഞ്ഞു. കർണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി മൂർച്ഛിച്ച സാഹചര്യത്തിൽ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന‌് ഹർജിക്കാർ ആവശ്യം ഉന്നയിച്ചേക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top