27 September Sunday

കർണാടക മന്ത്രിസഭാ തർക്കം; അമിത്‌ ഷാ വന്നിട്ടും രക്ഷയില്ല, പിടിവാശിയിൽ എംഎൽഎമാർ

ജോമോൻ കെ എസ്‌Updated: Sunday Jan 19, 2020

ബംഗളൂരു >- ബിജെപിക്ക്‌ കീറാമുട്ടിയായി കർണാടകയിലെ മന്ത്രിസഭാ വികസനം. ഇന്നലെ ബംഗളൂരുവിലെത്തിയ അമിത് ഷായുമായി സംസ്ഥാന നേതൃത്വവും യെദ്യൂരപ്പയും വെവ്വേറെ ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. ഇരുപക്ഷവും അവരുടെ നിലപടിൽ ഉറച്ചുനിന്നു. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെ മറ്റു പ്രധാന നേതാക്കളായ ജഗദിഷ് ഷെട്ടാർ, പ്രഹ്ളാദ് ജോഷി, ലക്ഷ്‌മൺ സവാദി എന്നിവരുമായും രഹസ്യ ചർച്ചകൾ നടത്തി.

മന്ത്രിസഭാ വികസനത്തിൽ ഈ നേതാക്കളുടെ അഭിപ്രായവും ഒപ്പം യെദ്യൂരപ്പ സർക്കാരിനെപ്പറ്റിയുള്ള ജനങ്ങളുടെ പൊതുവിലയിരുത്തലും അമിത ഷാ അന്വേഷിച്ചതായാണ് അറിയുന്നത്. കോൺഗ്രസിൽ നിന്ന് കൂറുമാറി വിജയിച്ച രമേശ് ജർകിഹോളിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും അമിത് ഷായെ കണ്ടു. ഡിസംബർ അഞ്ചിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പതിനൊന്ന്‌ എംഎൽഎ മാർക്കും മന്ത്രിസ്ഥാനവും, ജർകിഹോളിക്ക്‌ ഉപമുഖ്യമന്ത്രി പദവും നേടുകയാണ് ഇവരുടെ ലക്ഷ്യം.

വൈകീട്ട്‌ ഹുബ്ബളിയിൽ നടന്ന പൗരത്വ നിയമ അനുകൂല റാലിയിൽ അമിത് ഷാ പങ്കെടുത്തു. വേദിയായ നെഹ്‌റു ഗ്രൗണ്ടിലേക്ക് നൂറുകണക്കിന് പ്രതിഷേധക്കാർ " അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി പോകുക, ബിൽ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യം മുഴക്കി മാർച്ച് നടത്തി. കറുത്ത ബലൂണുകളിൽ സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വേദിക്ക്‌ സമീപം പറത്തുകയും ചെയതു. റാലിക്കുശേഷം ഹുബ്ബാലിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച്, യെദ്യൂരപ്പയുമായും പ്രധാന നേതാക്കളുമായും അമിത ഷാ വീണ്ടും രഹസ്യ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ വികസനത്തിൽ ഒത്തുതീർപ്പ്‌ സാധ്യതൾ ആരാഞ്ഞ അദ്ദേഹം ഒരു ഫോർമുല നിർദേശിച്ചു. കോൺഗ്രസ്, ജെഡിഎസ്‌ പാർട്ടികളിൽ നിന്നും വന്ന എട്ടുപേർക്കും, ബിജെപിയിൽ നിന്നുള്ള ബാക്കി എട്ടുപേർക്കും മന്ത്രിസ്ഥാനം എന്ന നിർദേശം  യെദ്യൂരപ്പ പക്ഷം അംഗീകരിച്ചില്ല. തീരുമാനങ്ങൾ ഒന്നും ആകാത്തതിനെ തുടർന്ന് കൂടുതൽ ചർച്ചകൾക്കായി മാസാവസാനം യെദ്യൂരപ്പയോട്‌ ഡൽഹിയിൽ എത്തിച്ചേരാൻ അമിത് ഷാ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top