04 June Thursday

അനധികൃത ഖനനത്തിന് സിബിഐ കേസുള്ളയാള്‍ വനം-പരിസ്ഥിതി മന്ത്രി; കര്‍ണാടക മന്ത്രിസഭ വികസനം വീണ്ടും വിവാദത്തില്‍

ജോമോൻ കെ എസ്‌Updated: Thursday Feb 13, 2020

ബാംഗ്ലൂര്‍ > അനധികൃത ഖനനം, വന കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള ആനന്ദ് സിംഗിനെ ബി എസ് യെദ്യൂരപ്പയുടെ കര്‍ണാടക മന്ത്രിസഭയില്‍ വനംമന്ത്രിയായി നിയമിച്ചു. മൂന്നു സിബിഐ കേസ് അടക്കം 15 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ആനന്ദ് സിംഗ്. അനധികൃത ഖനനത്തിനു പേരുകേട്ട ബെല്ലാരിയിലെ വിജയ നഗരിയില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. കോണ്‍ഗ്രസില്‍ നിന്നു കൂറുമാറി അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ 173 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ഖനന ലോബ്ബി രംഗത്തെ ശക്തനായ ഇദ്ദേഹം മൂന്ന് സിബിഐ കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. മുന്‍ ബിജെപി മന്ത്രി ഗാലി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ബല്ലാരിയിലെ വനഭൂമി കൊള്ളയടിച്ച് നടത്തിയ അനധികൃത ഖനനത്തിലൂടെയും കയറ്റുമതിയിലൂടെയും ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന കേസിലും ഇയാള്‍ കുറ്റാരോപിതനാണ്.

തിങ്കളാഴ്ച ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായി ആനന്ദ് സിംഗിനെ നിയമിച്ചെങ്കിലും പിന്നീട് വന-പരിസ്ഥിതി മന്ത്രാലയ ചുമതല നല്‍കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുകയും ജുഡീഷ്യറി ബോധവല്‍ക്കരണം നടത്തുകയും ചെയ്ത കേസുകളില്‍ വിചാരണ നേരിടുന്നവരെ മന്ത്രിമാരായി നിയമിക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ആനന്ദ് സിംഗിനെ വനംമന്ത്രിയായി യെദ്യൂരപ്പ നിയമിച്ചത്. കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ വരുംദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ടികളുടെയും പരിസ്ഥിതി സംഘടനകളുടെയും തീരുമാനം.


പ്രധാന വാർത്തകൾ
 Top