22 October Tuesday

കർണാടകം പ്രളയം: മരണം 24 ആയി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


ബംഗളൂരു
കർണാടകത്തിലെ പ്രളയക്കെടുതിയില്‍ മരണം 24 ആയി. ദേശീയ–-സംസ്ഥാന ദുരന്തനിവാരണ സേനയും കര–-നാവിക സേനകളും ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു. മഴയുടെ തീവ്രതയ്‌ക്ക്‌ അൽപ്പം ശമനം ശനിയാഴ്‌ച ഉണ്ടായെങ്കിലും വടക്കൻ മേഖലകളിൽ വെള്ളപ്പൊക്കം കുറഞ്ഞിട്ടില്ല. ശിവമോഗയിൽ മാത്രം 2500ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ശിവമോഗ–-തീർഥനഹള്ളി ദേശീയപാതയിൽ തുംഗനദി കരകവിഞ്ഞ്‌ പാലത്തിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഹൊസൻ നഗർ കൊല്ലൂർ ഭാഗത്തും ദേശീയപാത 766 സിയിലും ഗതാഗതം നിരോധിച്ചു. മുപ്പതിലേറെ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്‌ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചിരിക്കയാണ്‌.

ആഗസ്‌ത്‌ 23വരെ ശ്രാവൺ ബലഗോള, ഹാസൻ–-മൈസൂരു വഴിയുള്ള മംഗളൂരു–- ബംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ്‌ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു. കാർവാർ, കണ്ണൂർ, ബംഗളൂരു സർവീസുകളും 23വരെ ഓടില്ല.

ഭദ്രാവതി അണക്കെട്ട്‌ ഏതുസമയവും തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ ഇരുകരയിലുള്ളവരും ജാഗ്രത പുലർത്താൻ നിർദേശം നൽകി. 45വർഷത്തിനിടെ സംസ്ഥാനം നേരിട്ട വലിയ ദുരന്തമാണിതെന്ന്‌ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ പറഞ്ഞു. ആറായിരം കോടി രൂപയുടെ നഷ്ടമുണ്ടായ സാഹചര്യത്തിൽ കേന്ദ്രം അടിയന്തര സഹായമായി 3000കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top